തിരുവല്ല: കണ്ടാൽ പഴയ ലുക്കെല്ലന്നേയുള്ളൂ. പക്ഷേ ആള് പഴയതു തന്നെ. എന്നിട്ടും കണ്ടിട്ട് പൊലീസുകാർക്ക് പോലും ആളെ പിടികിട്ടിയില്ല. എന്നുവച്ച് ആൾമാറാട്ടത്തിന് കേെസടുക്കാനും വകുപ്പില്ല. അങ്ങിനെ ഒരാൾമാറാട്ടം നടന്നു തിരുവല്ലയിൽ. ആള് മുൻമന്ത്രിയും തിരുവല്ലക്കാരുടെ എം.എൽ.എയുമായ മാത്യു ടി. തോമസാണ്. താടിയും മീശയും എം.എൽ.എയുടെ ട്രേഡ് മാർക്കായിരുന്നു. ഇപ്പോൾ അതൊന്നും കാൺമാനില്ല. അതോടെ ആളാകെ മാറി. കണ്ടിട്ട് പൊലീസുകാർക്ക് പോലും പുള്ളിയെ പിടികിട്ടിയില്ല.
നാലു പതിറ്റാണ്ടു കാലത്തിലേറെയായി പൊന്നുപോലെ കാത്തു പരിപാലിച്ച മീശയും താടിയും എടുത്തു മാറ്റി ആരെയും അമ്പരിപ്പിക്കുന്ന ലുക്കിൽ കോവിഡ്കാലത്ത് ഭാവപ്പകർച്ച നടത്തിയിരിക്കുകയാണ് മാത്യു ടി. തോമസ് എം.എൽ.എ. രൂപമാറ്റത്തിനു പിന്നിൽ കോവിഡ് പേടിയാണ്. കോവിഡും താടിയുമായി എന്തു ബന്ധമെന്നല്ലേ. എം.എൽ.എ പറയുന്നു. നീട്ടി വളർത്തിയ താടി കൊറോണ വൈറസ് ബാധയ്ക്ക് ഇടയാക്കിയേക്കാമെന്ന് ആരോഗ്യ പ്രവർത്തകർ സ്നേഹപൂർണമായ മുന്നറിയിപ്പു നൽകി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുടനീളം സഞ്ചരിക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നതുമായ നിലവിലെ സാഹചര്യത്തിൽ താടി തടികേടാക്കാനിടയുണ്ടെന്ന സൂചന ചെവിക്കൊള്ളാതെ നാട്ടുകാരെ ബോധവത്കരിക്കാൻ നടക്കുന്നതിലെ അനൗചിത്യവും താടിക്ക് തട്ടുകേടായി.
പുതിയ രൂപത്തിൽ തന്നെ കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തിരിച്ചറിയുന്നതിൽ ആദ്യം അൽപ്പമൊന്ന് കുഴഞ്ഞതായും പിന്നീടത് അമ്പരപ്പായി മാറിയതായും മാത്യു ടി. തോമസ് പറഞ്ഞു. കോളേജ് വിദ്യാഭ്യാസ കാലത്ത് അക്കാലത്തെ ജനതാ പാർട്ടി ദേശീയ അധ്യക്ഷനും പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുമായ എസ്. ചന്ദ്രശേഖറുടെ മനോഹരമായ താടിയോട് തോന്നിയ ആരാധനയാണ് സ്വന്തം താടിയും നീട്ടി വളർത്താൻ തനിക്ക് പ്രേരണയേകിയതെന്നാണ് മാത്യു ടി. തോമസ് പറയുന്നത്. പിന്നീടിങ്ങോട്ട് നീട്ടി വളർത്തിയ താടി മാത്യു ടി. തോമസെന്ന വ്യക്തിയുടെ മുഖമുദ്ര തന്നെയായി മാറുകയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ നാൽപത് വർഷത്തിലേറെയായി പരിപാലിച്ചു പോന്നിരുന്ന താടിയും മീശയുമാണ് അദ്ദേഹം കൈയ്യൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.