കാലാവസ്ഥ വ്യതിയാനം: ആഗോളകൂട്ടായ്മ രൂപപ്പെടണം -ഡോ. ഉസാമ അൽ അബ്ദ്

കോഴിക്കോട്: കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ പുതുക്കിപ്പണിയുമെന്നും പുതിയ ലോകക്രമം രൂപപ്പെടാൻ വഴിയൊരുക്കുമെന്നും ലീഗ് ഓഫ് അറബ് യൂനിവേഴ്സിറ്റീസ് മേധാവി ഡോ. സയ്യിദ് ഉസാമ മുഹമ്മദ് അൽ അബ്ദ്. മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര സർവകലാശാല മേധാവികളുടെ കാലാവസ്ഥ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരുപതാം നൂറ്റാണ്ടുവരെ ലോകം അനുഭവിച്ചതിൽനിന്ന് വ്യത്യസ്തമായ വെല്ലുവിളികളാണ് ഇപ്പോൾ നേരിടുന്നത്. പ്രകൃതിയിലെ ചെറിയ മാറ്റംപോലും ലോകത്തെയൊട്ടാകെ ബാധിക്കുംവിധം സമൂഹം കൂടുതൽ പരസ്പരബന്ധിതമായിരിക്കുകയാണ്. ജൈവസമൂഹം എന്ന നിലയിൽ മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളുടെ ആഗോളീകരണമാണ് ഇപ്പോൾ നടക്കുന്നത്. പ്രാദേശിക ദേശീയതയിൽ മാത്രം ഒതുങ്ങി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക സാധ്യമല്ല. രാജ്യങ്ങൾക്കിടയിൽ കൂടുതൽ വിപുലമായ ആഗോള കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട്. ആയിരക്കണക്കിന് വർഷങ്ങളുടെ സാംസ്‌കാരിക പൈതൃകവും വിഭവങ്ങളുമുള്ള ഇന്ത്യക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. അബ്ദുൽ ഹകീം അസ്ഹരി പ്രമേയം അവതരിപ്പിച്ച് ആമുഖപ്രഭാഷണം നടത്തി. ഉച്ചകോടിയുടെ മുഖ്യരക്ഷാധികാരി ശൈഖ് അബൂബക്കർ അഹമദിന്‍റെ സന്ദേശം ജാമിഅ മർകസ് വൈസ് ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വായിച്ചു.

ഡോ. മുഹമ്മദ് വസ്സാം ഖിദ്ർ, ഡോ. മാഹിർ ഖുദൈർ, പ്രഫ. ഡോ. അബ്ദുൽ ഫത്താഹ് അൽ ബസം, മുഹമ്മദ് അബ്ദുറഹ്‍മാൻ ഫൈസി, പ്രഫ. ഡോ. മുഹമ്മദ് സവാവി ബിൻ സൈനുൽ ആബിദീൻ, അബ്ദുൽ ഹകീം ഫൈസി തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി 15 പ്രബന്ധങ്ങൾ ആദ്യ ദിവസം അവതരിപ്പിച്ചു. 40 രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിൽനിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം നടക്കുന്ന മലൈബാർ കാലാവസ്ഥ പ്രഖ്യാപനത്തോടെ ഉച്ചകോടി സമാപിക്കും.


Tags:    
News Summary - Climate Change: A Global Coalition Must Form -Dr. Osama Al Abd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.