മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; അഞ്ചുപേര്‍ അറസ്റ്റില്‍

മരട്: മുഖ്യമന്ത്രി പിണറായി വിജയന്‍െറ വാഹനത്തിനുനേരെ കരിങ്കൊടി വീശിയ അഞ്ച് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോ കോളജ് വിദ്യാര്‍ഥികളായ കബീര്‍ മുട്ടം, നോയല്‍ കുമാര്‍, കോതമംഗലം നഗരസഭാ കൗണ്‍സിലര്‍ അനൂപ് ഇട്ടന്‍, എല്‍ദോസ് വടാട്ടുപാറ, നഫീസ് പാറേക്കാടന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കുണ്ടന്നൂര്‍ ലെ മെറിഡിയന്‍ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ടിന്‍െറ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഹോട്ടലിന്‍െറ കവാടത്തിന് സമീപം മാറി നിന്ന പ്രവര്‍ത്തകര്‍ വാഹനവ്യൂഹം എത്തിയപ്പോഴേക്കും മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് കരിങ്കൊടിയും ജയ് വിളിയുമായി പാഞ്ഞടുക്കുകയായിരുന്നു.

പ്രതിഷേധവിവരമറിഞ്ഞ് വന്‍ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നെങ്കിലും പുറമെനിന്നുള്ള പ്രവര്‍ത്തകരായിരുന്നതിനാല്‍ പൊലീസിന് തിരിച്ചറിഞ്ഞ് മുന്‍കൂട്ടി തടയിടാനായില്ല. പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയ പ്രവര്‍ത്തകരെ ആദ്യം പനങ്ങാട് സ്റ്റേഷനിലേക്കും പിന്നീട് മരട് സ്റ്റേഷനിലേക്കും മാറ്റി.

കഴിഞ്ഞ ദിവസം തന്നെ കരിങ്കൊടി കാട്ടിയവർ ചാനലുകൾ വാടകക്ക് എടുത്തവരെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണം വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരുകൾ പുറത്തുവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ബാലു, കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്‍റ് റിങ്കു, അജിന്‍ ഷാ, ഹരി, സജീവ് എന്നിവരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.  
 

 

Tags:    
News Summary - cm pinarayi vijayan black flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.