കോട്ടയം: കോവിഡുകാലവും പൊതുതെരഞ്ഞെടുപ്പും കണക്കിലെടുത്ത് സർക്കാർ നൽകിയ സഹായം സ്വന്തം നേട്ടമായി ചിത്രീകരിച്ച് ജീവനക്കാർക്ക് സന്ദേശമയച്ച കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ നടപടി വിവാദമാകുന്നു.
ചുമതലയേറ്റതിെൻറ ഒന്നാം വാർഷിക ദിനമായ ജൂൺ 15 നാണ് സി.എം.ഡി ബിജുപ്രഭാകർ ഇത്തരമൊരു കുറിപ്പ് പുറത്തിറക്കിയത്. എന്നാൽ, സർക്കാറിെൻറ ഉദാരസമീപനമാണ് സഹായം ലഭിക്കാൻ കാരണമെന്ന് ഭരണപക്ഷ യൂനിയനിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽ യൂനിയൻ നേതാക്കൾക്കുണ്ടായ പരാജയം സി.എം.ഡി മുതലെടുെത്തന്നാണ് ആരോപണം.
തുടർഭരണത്തിന് എന്തും ചെയ്യാൻ തയാറായി നിന്ന പിണറായി സർക്കാറിന് മുന്നിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും പെൻഷൻകാരും വലിയൊരു വോട്ടുബാങ്കുതന്നെയായിരുന്നു. 40,000 തൊഴിലാളികളുടെയും അമ്പതിനായിരത്തിനടുത്ത് പെൻഷൻകാരുടെയും വീടുകളിൽ ശരാശരി നാലുവോട്ടർമാരെ കണക്കാക്കിയാൽ കെ.എസ്.ആർ.ടി.സിയിൽനിന്നുള്ള വോട്ട് കുറഞ്ഞത് മൂന്നര ലക്ഷം എങ്കിലും വരും.
ഇതടക്കം കണക്കിലെടുത്ത് യു.ഡി.എഫ് ഭരണകാലത്ത് വർഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. പ്രതിമാസം 150 കോടിരൂപ പ്രകാരം പ്രതിവർഷം 1800 കോടി രൂപ ഇതിനുമാത്രം നീക്കിവെച്ചു. ശരാശരി 4400 ബസുകളോടിക്കാനാണ് ഈ തുക നൽകിയിരുന്നത്.
വർഷങ്ങളായി മുടങ്ങിക്കിടന്ന പ്രോവിഡൻറ് ഫണ്ട് ലോണിന് 64.66 കോടി, ബോണസും ഫെസ്റ്റിവൽ അലവൻസും നൽകുന്നതിന് 13.6 കോടി, ശമ്പള കുടിശ്ശികക്കായി ഒരു കോടി, 2018 മുതൽ മുടങ്ങിയ സപ്ലിമെൻററി സാലറിക്ക് 96 കോടി, ഓണം അലവൻസിന് 38 കോടി, െമഡിക്കൽ റീഇേമ്പഴ്സിന് 46 കോടി, പെൻഷൻ ആനൂകൂല്യങ്ങൾ നൽകുന്നതിന് 107 കോടി, ലോൺ റിക്കവറി കൃത്യമായി കെ.എസ്.ആർ.ടി.സി തിരിച്ചടക്കാത്തത് തിരിച്ചടക്കാൻ 39 കോടി എന്നിങ്ങനെ 2020-21 സാമ്പത്തികവർഷം 2316 കോടി രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകിയത്.
ഇവയൊക്കെ ഒരുവർഷം കെ.എസ്.ആർ.ടി.സിയിൽ എം.ഡിയായ കാലഘട്ടത്തിലെ പ്രവർത്തനനേട്ടങ്ങളായി ചിത്രീകരിച്ച് ജീവനക്കാർക്ക് കത്തെഴുതിയതാണ് പ്രതിഷേധം ഉയർത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ കെ.എസ്.ആർ.ടി.സി.ഇ.എയുടെ നേതൃത്വം ഈ നേട്ടങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ പൂർണ പരാജയമായിരുന്നെന്ന് ജീവനക്കാർ പറയുന്നു.
2021ൽ നടന്ന റഫറണ്ടത്തിൽ ബി.എം.എസ് യൂനിയന് ചരിത്രത്തിൽ ആദ്യമായി കെ.എസ്.ആർ.ടി.സിയിൽ അംഗീകാരം കിട്ടിയത് ഇതിെൻറകൂടി ഫലമാണെന്ന് അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.