തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിനുള്ള ശമ്പള പിരിവിൽ താൽപര്യമില്ലെന്ന വിസ്സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകാനും ‘സാലറി ചലഞ്ചി’ൽ നിന്ന് വിട്ടുനിൽക്കാനും പ്രതിപക്ഷ അധ്യാപക-സർവിസ് സംഘടനകളുടെ തീരുമാനം. സർക്കാറിെൻറ മർക്കടമുഷ്ടിക്കും ഭീഷണിക്കുമെതിരെ ഒാഫിസുകളിലും സ്കൂളുകളിലും പ്രചാരണത്തിനും പ്രതിപക്ഷ സംഘടനകൾ തയാറെടുക്കുകയാണ്. പ്രതിരോധവുമായി ഭരണാനുകൂല സംഘടനകൾ രംഗത്തിറങ്ങിയാൽ ധനസമാഹരണയജ്ഞം തുറന്ന രാഷ്ട്രീയ ഏറ്റുമുട്ടലാകുമെന്നാണ് ആശങ്ക.
ജീവനക്കാരെൻറ കഴിവനുസരിച്ച് സംഭാവന നൽകാമെന്ന ആവർത്തിച്ചുള്ള ആവശ്യത്തോട് മുഖംതിരിച്ചു എന്ന് മാത്രമല്ല, ഒരു മാസത്തെ ശമ്പളമല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന വാശിയും നിഷേധാത്മക സമീപനവുമാണ് പ്രതിപക്ഷ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അടിയന്തര സാഹചര്യത്തിൽ സംഘംചേരുന്നതിന് വിലക്കേർപ്പെടുന്ന വകുപ്പ് 144െൻറ അതേ നമ്പറിലാണ് വിവാദ ഉത്തരവുമിറങ്ങിയത് എന്നതിലെ യാദൃശ്ചികത ചൂണ്ടിക്കാട്ടി ആരോപണങ്ങളുടെ മൂർച്ച കൂട്ടാനാണ് സംഘടനകളുടെ തീരുമാനം. സിവിൽ സർവിസിൽ 144 പ്രഖ്യാപിച്ചെന്ന പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, പ്രളയ ദുരിതാശ്വാസത്തിെൻറ പേരിലുള്ള സര്ക്കാര് ഗുണ്ടാപ്പിരവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
ഒരുമാസത്തെ ശമ്പളം നൽകുന്നതിന് സമ്മതമല്ലെന്ന വിസ്സമ്മതപത്രം ഒപ്പിട്ട് നൽകുന്നതിലെ അപകടം ജീവനക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭാവിയിൽ പ്രതികാര നടപടിയുണ്ടായേക്കുമെന്നാണ് ജീവനക്കാരുടെ പേടി. സർക്കാറിെൻറ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തങ്ങൾ വിമുഖരാണെന്ന സ്വയം സാക്ഷ്യപ്പെടുത്തൽ രേഖയായി വിസ്സമ്മതപത്രം മാറുമോ എന്നും ഇവർക്ക് ആശങ്കയുണ്ട്. ഭരണാനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പോലും രഹസ്യമായി ഇക്കാര്യം സമ്മതിക്കുന്നു. സർക്കാർ നീക്കത്തിനെതിരെ നിയമനടപടിയും ഒരുവിഭാഗം ആലോചിക്കുന്നുണ്ട്്.
സന്നദ്ധതയറിക്കുന്നവരിൽനിന്ന് മാത്രം തുക വസൂലാക്കുന്നതിന് പകരം എഴുതി നൽകുന്നവരെ ഒഴിവാക്കി മറ്റുള്ളവരെല്ലാം സന്നദ്ധരാണെന്ന് വിലയിരുത്തുന്നതിലെ ചട്ടവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.