വൈദ്യുതി ​ലൈനെങ്കിൽ ബഫർസോണിനും നഷ്ടപരിഹാരം; കെ ​െറയിലിന്​ വട്ടപൂജ്യം

കോട്ടയം: കെ.എസ്​.ഇ.ബി ഹൈടെൻഷൻ വൈദ്യുതി ലൈനിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്​ പുറമെ ബഫർസോണിനും നഷ്ടപരിഹാരം നൽകുന്ന കേരളത്തിൽ കെ റെയിലിന്‍റെ ബഫർസോണായി നീക്കിവെക്കുന്ന സ്ഥലത്തിന്​ നഷ്ടപരിഹാരം നൽകാത്തത്​ ഇരട്ടത്താപ്പ്​. നിലവിലെ കെ.എസ്​.ഇ.ബി ചെയർമാൻ ഡോ. ബി. അശോക് ഊർജവകുപ്പു സെക്രട്ടറിയായിരിക്കേ തൃശൂർ-പുഗലൂർ 320 കെ.വി വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കുന്നതിനു 2019 മെയ്​ നാലിന്​ പുറപ്പെടുവിച്ച ജി.ഒ (എം.എസ്​) നം: 7/2019 ഉത്തരവിലെ പ്രത്യേക നഷ്​ടപരിഹാര പാക്കേജ്​ ബഫർ സോണിനും നഷ്​ടപരിഹാരത്തിന് ജനങ്ങൾക്ക് അർഹത ഉണ്ടെന്നതിന്​ തെളിവാണ്​.

വൈദ്യുതി ബോർഡ്​ ഹൈവോൾട്ടേജ് ​വൈദ്യുതി കടത്തി വിടുന്നത്​ വലിയ ടവറുകൾ സ്ഥാപിച്ച്​ അതിലൂടെ വലിക്കുന്ന കമ്പികളിലൂടെയാണ്. ഒരു കിലോമീറ്ററിൽ ശരാശരി നാലു ടവറുകൾ ഇങ്ങനെ സ്ഥാപിക്കും. ഇത്തരം ലൈനുകൾ വലിക്കുമ്പോൾ ടവറുകൾ നിൽക്കുന്ന സ്​ഥലം വൈദ്യുതി ബോർഡ് ഏറ്റെടുക്കും. രണ്ടു ടവറുകൾക്കിടയിൽ കമ്പികൾക്ക്​ താഴെയുള്ള ഭൂമി വസ്​തുവകകൾക്ക് നിയന്ത്രണങ്ങൾക്കു വിധേയമായി ഉടമകൾക്ക്​ ഉപയോഗിക്കാം.

ഭൂമിയിൽ നിന്നും 44 മീറ്റർ വരെ ഉയരത്തിൽ 14 മീറ്റർ വീതിയിലാണ്​ ഇത്തരം ലൈനുകൾ വലിക്കുന്നത്. ഇതിന് 'ലൈൻക്ലിയറൻസ്​ അലവൻസ്' എന്ന പേരിൽ നഷ്​ടപരിഹാരം ലഭിക്കും. മാത്രമല്ല ടവറിന്‍റെ ഇരുഭാഗത്തായി ലൈൻ പോകുന്ന വീതി അടക്കം 44 മീറ്റർ വീതിയുള്ള ഭൂമിക്ക്​​ 'ഡിസ്​പ്ലെസ്​മെന്‍റ്​' അലവൻസ്​ എന്നപേരിൽ നഷ്​ടപരിഹാരവും വൈദ്യുതി ബോർഡുനൽകും. അതായത് വൈദ്യുതി ലൈനിന്‍റെ രണ്ടു വശത്തും 15 മീറ്റർ വീതിയുള്ള ഭൂമിക്കാണ്​ ഡിസ്​പ്ലെയ്​സ്​മെൻറ്​ നഷ്​ടപരിഹാരം.

നിലവിലെ ന്യായവിലയുടെ മൂന്നിരട്ടിയാണ് നഷ്​ടപരിഹാരമായി ലഭിക്കുക. തൃശൂർ -പുഗലൂർ ഹൈവോൾട്ടേജ് വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രത്യേക നഷ്​ടപരിഹാര പാക്കേജ്​ സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ലാന്‍റ്​ റവന്യൂ കമ്മീഷണറുടെ പക്കലുണ്ടെന്ന് ജി.ഒ (എം.എസ്​) നം: 7/2019 ഉത്തരവിൽ തന്നെ പറയുന്നു. ഇത്​ പരിഗണിക്കാതെയാണ്​ കെ റെയിൽ ബഫർസോണിന്​ നഷ്ടപരിഹാരം നിഷേധിക്കുന്നത്​.

നിലവിലെ കണക്കനുസരിച്ച് കെ റെയിലിനായി 1130 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായി 13265 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 15 മുതൽ 25 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കാനുള്ള തുകയാണിത്. വൈദ്യുതിബോർഡിന്‍റെ രീതി സ്വീകരിച്ചാൽ കെ റെയിലിന്‍റെ ഇരു ഭാഗത്തുമുള്ള ബഫർ സോണിനും ഭൂമിയുടെ ന്യായവിലയുടെ മൂന്നിരട്ടി നഷ്​ടപരിഹാരം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ ഭൂമി ഏറ്റെടുക്കലിനു മാത്രമായി മറ്റൊരു 10,000 കോടിയെങ്കിലും സംസ്​ഥാനസർക്കാരും കെ ​െറയിലും അധികമായി കണ്ടെത്തണം.

നഗരസമാനമായ കേരളത്തിലെ സ്​ഥലങ്ങളിലൂടെ 200 കി.മീ. വേഗത്തിൽ പായുന്ന അതിവേഗ ​െറയിൽവെക്ക്​​ എത്ര അകലത്തിൽ ബഫർസോൺ വേണമെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. ട്രെയിൻ ഓടുമ്പോഴുള്ള ശബ്ദവും പ്രകമ്പനവും പാളത്തിന്​ തൊട്ടടുത്തുള്ള പഴയതും പുതിയതുമായ കെട്ടിടങ്ങളെ എങ്ങനെ ബാധിക്കും എന്നതിന്​ മുൻകാല അനുഭവങ്ങളില്ലെന്ന്​ റെയിൽവെ ഉദ്യോഗസ്ഥർ പറയുന്നു. ആധുനിക രീതിയിലുള്ള റോഡു നിർമ്മാണത്തിനുപയോഗിക്കുന്ന വൈബ്രേറ്റർ കെട്ടിടങ്ങൾക്കു ബലക്ഷയം ഉണ്ടാക്കും എന്നതിനാൽ കൊച്ചി അടക്കമുള്ള നഗരങ്ങളിലെ നിരവധിറോഡുകളിൽ ഒഴിവാക്കിയിരുന്നു. സിൽവർ ലൈനിന്‍റെ ഡി.പി.ആർ പൂർണ്ണമല്ലെന്ന്​ കേന്ദ്രസർക്കാരും ഡി.പി.ആറിൽ ഇനിയും മാറ്റങ്ങൾ വരാമെന്ന്​ സംസ്ഥാന സർക്കാറും പറയുമ്പോൾ ബഫർ സോൺ സംബന്ധിച്ച ആശങ്ക വർധിക്കുകയാണ്​.

Tags:    
News Summary - Compensation for buffer zone even in case of power line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.