സക്കീര്‍ ഹുസൈന് എതിരായ പരാതി; എളമരം കരീം അന്വേഷിക്കും

തിരുവനന്തപുരം: കളമശ്ശേരിയില്‍ വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ മുന്‍ ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന് എതിരായ പരാതി അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഏകാംഗ കമീഷനെ നിയോഗിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനാണ് അന്വേഷണച്ചുമതല. അതേസമയം, വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ സി.പി.എം കൗണ്‍സിലര്‍ ബലാത്സംഗം ചെയ്ത വിഷയവും ഇരയുടെ പേര് തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പരാമര്‍ശിച്ച വിഷയവുമടക്കം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തില്ല. അത് ജില്ലാതലത്തില്‍ പരിഗണിക്കാനാണ് നിര്‍ദേശം.
സക്കീര്‍ ഹുസൈന് എതിരായി വ്യവസായി നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ജില്ല സെക്രട്ടേറിയറ്റിന്‍െറ പരിധിക്ക് പുറത്തുള്ളതാണെന്ന എറണാകുളം ജില്ല നേതൃത്വത്തിന്‍െറ വാദം അംഗീകരിച്ചാണ് കമീഷനെ നിയോഗിച്ചത്. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലെ ചര്‍ച്ചയുടെ വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സക്കീറിനെതിരെ ലഭിച്ച പരാതിയാണ് പൊലീസിന് കൈമാറിയതും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതും. പിന്നീട് വ്യവസായി സി.പി.എം സംസ്ഥാന സമിതിക്ക് പരാതി നല്‍കി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നടന്നതാണെന്നും ഇപ്പോള്‍ അത് വരുന്നത് അടക്കം പരിശോധിക്കണമെന്നുമുള്ള ജില്ല നേതൃത്വത്തിന്‍െറ അഭിപ്രായം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. അതുകൂടി പരിഗണിച്ചാണ് കമീഷനെ നിയോഗിച്ചത്.
എന്നാല്‍, വടക്കാഞ്ചേരിയിലെ വിഷയം സംസ്ഥാന നേതൃത്വം പരിഗണിച്ചില്ല. ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രാദേശിക തലത്തില്‍ അച്ചടക്ക നടപടി എടുത്തുകഴിഞ്ഞു. 2014ല്‍ സാമ്പത്തിക ആരോപണമായി വന്നതാണെന്ന അഭിപ്രായമാണ് പ്രാദേശിക നേതൃത്വത്തിന്‍േറത്. 2014ല്‍ നടന്ന സംഭവത്തിലെ പരാതിയില്‍ നടപടി ഉണ്ടായില്ളെന്നത് ദുരൂഹമാണെന്നാണ് ജില്ല നേതാക്കളുടെ അടക്കം ആക്ഷേപം. വടക്കാഞ്ചേരി മണ്ഡലത്തെ അന്ന് പ്രതിനിധാനംചെയ്തത് സി.എന്‍. ബാലകൃഷ്ണനാണ്. എന്നിട്ടും നടപടിയുണ്ടായില്ളെന്നും 2015ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍പോലും യു.ഡി.എഫ് വിഷയമാക്കിയില്ളെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ സാമ്പത്തിക കേസിലെ വാദിയെന്ന നിലയിലാണ് പരാതിക്കാരുടെ പേര് പറഞ്ഞതെന്ന വാദമാണ് ജില്ല-സംസ്ഥാന നേതൃത്വത്തിന്‍േറത്. വാര്‍ത്താസമ്മേളനം നടത്തിയല്ല പേര് പറഞ്ഞതെന്നും അവര്‍ വാദിക്കുന്നു. വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നതും രാധാകൃഷ്ണനെതിരെ ആക്ഷേപം ഉന്നയിക്കുന്നതും സി.പി.എമ്മിനെ കടന്നാക്രമിക്കാനുള്ള ലക്ഷ്യമാണെന്ന നിലപാടാണ് നേതൃത്വത്തിന്.

Tags:    
News Summary - complaint against cpm area secretary sakeer hussain: elamaram kareem enquires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.