ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ മുൻ പേഴ്സനൽ സ്റ്റാഫിന്റെ ഭാര്യ നൽകിയ പരാതിയിൽ അനുനയനീക്കവുമായി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. വിഷയം ചർച്ച ചെയ്യാൻ പുറക്കാട് ലോക്കൽ കമ്മിറ്റിയോഗം വിളിച്ചു. ജില്ലാ കമ്മിറ്റി ഒാഫീസിൽ ചേരുന്ന യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് യോഗം വിളിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം, പാർട്ടി അംഗത്തിന്റെ ഭാര്യ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മന്ത്രിയുടെ പേരിൽ പരാതി നൽകിയതു സംബന്ധിച്ച വിശദീകരണം ചോദിച്ചിട്ടുണ്ട്. സി.പി.എം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗമാണ് മന്ത്രി ജി. സുധാകരന്റെ മുൻ പേഴ്സനൽ സ്റ്റാഫായ വേണുഗോപാൽ.
മന്ത്രി ജി. സുധാകരനെതിരെ നൽകിയ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി മന്ത്രിയുടെ മുൻ പേഴ്സനൽ സ്റ്റാഫിന്റെ ഭാര്യ കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. ആലപ്പുഴയിെല വാർത്തസമ്മേളനത്തിൽ മന്ത്രി തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് വേണുഗോപാലിന്റെ ഭാര്യ ശാലു പരാതി നൽകിയത്.
പരാതിക്ക് ആധാരമായ വാർത്തസമ്മേളനം ആലപ്പുഴയിലായതിനാൽ തങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് അമ്പലപ്പുഴ പൊലീസിെൻറ നിലപാട്. ഇതോടെയാണ് ശാലു പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
അതേസമയം, സംഭവത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും രാഷ്ട്രീയ ക്രിമിനലുകളാണെന്നും ജി. സുധാകരൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. സുധാകരന്റെ പ്രസ്താവന പാർട്ടിയിൽ രൂക്ഷമായ വിഭാഗീയതയാണ് പരസ്യമാകുന്നത്. എസ്.എഫ്.ഐ മുൻ ജില്ല കമ്മിറ്റി അംഗമായ യുവതിയെ ജനുവരി എട്ടിന് വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സനൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.
സ്ഥാനാർഥി നിർണയത്തിനു ശേഷം സി.പി.എമ്മിൽ രൂപപ്പെട്ട വിഭാഗീയതയുടെ തുടർച്ചയാണ് മന്ത്രിക്കെതിരായ പരാതിയും തുടർന്നുള്ള നാടകീയ നീക്കങ്ങളും. ജി. സുധാകരൻ ഒരുവശത്തും ആലപ്പുഴ സി.പി.എമ്മിലെ പുതിയ ചേരി മറുവശത്തും നിലയുറപ്പിച്ചാണ് നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പൊലീസിൽ നൽകിയ പരാതി പിൻവലിെച്ചന്ന പ്രചാരണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.