വാട്സ്ആപ് ചാറ്റ് ചോർച്ച: യൂത്ത് കോൺഗ്രസിൽ കലഹം

തിരുവനന്തപുരം: ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽനിന്ന് ചാറ്റുകൾ ചോർന്നതിനെച്ചൊല്ലി യൂത്ത് കോൺഗ്രസിൽ കലഹം. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥന്‍റെ അറസ്റ്റിന് പിന്നാലെയാണ് തർക്കം രൂക്ഷമായത്.

ചോർച്ചക്ക് കാരണക്കാരെന്ന് മുദ്രകുത്തി അച്ചടക്കനടപടിക്ക് പ്രസിഡന്‍റ് ഷാഫി പറമ്പിലിനെ അനുകൂലിക്കുന്നവർ ശ്രമിക്കുമ്പോൾ യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണം വേണമെന്ന ആവശ്യവുമായി ദേശീയനേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് മറുപക്ഷം. സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കുറച്ചുകാലമായി ഗ്രൂപ്പിന് അതീതമായ കടുത്ത ഭിന്നത നിലനിൽക്കുകയാണ്.

സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവർ പ്രസിഡന്‍റ് ഷാഫി പറമ്പിലിനെ പിന്തുണക്കുമ്പോൾ മറ്റ് വൈസ് പ്രസിഡന്‍റുമാരായ റിയാസ് മുക്കോളി, എൻ.എസ് നുസൂർ, പ്രേംരാജ്, എസ്.എം ബാലു എന്നിവർ മറുപക്ഷത്താണ്. പാലക്കാട് നടന്ന സംസ്ഥാന ക്യാമ്പുമായി ബന്ധപ്പെട്ട് വനിതനേതാവിന്‍റെ പേരിൽ ലൈംഗിക ആക്ഷേപ പരാതി ഉയർന്നത് ഇവർക്കിടയിലെ തർക്കത്തിന്‍റെ ഭാഗമായിരുന്നു.

ഇതിൽ ദേശീയനേതൃത്വത്തിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ വിമാനത്തിൽ തടഞ്ഞ് പ്രതിഷേധിക്കാനുള്ള ശബരീനാഥന്‍റെ നിർദേശങ്ങൾ ഉൾപ്പെട്ട ചാറ്റ് സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് ചോർന്നത്. ചോർത്തിയതിനും അന്വേഷണ ഏജൻസിക്ക് പൂർണ വിവരങ്ങൾ ലഭ്യമാക്കിയതിനും പിന്നിൽ ചില നേതാക്കളാണെന്നാണ് ഷാഫി പക്ഷത്തിന്‍റെ ആരോപണം. മറുപക്ഷത്തെ രണ്ട് വൈസ് പ്രസിഡന്‍റുമാരെ ഉന്നംവെക്കുന്ന അവർ കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്ന ഉറച്ച നിലപാടിലാണ്. മറുചേരി ഇതംഗീകരിക്കുന്നില്ല.

ഹീറോ പരിവേഷം കിട്ടാൻ നെഗറ്റിവ് പ്രചാരണത്തിലൂടെ ശബരീനാഥൻ തന്ത്രം ഒരുക്കുകയായിരുന്നുവെന്നാണ് മറുപക്ഷം കുറ്റപ്പെടുത്തുന്നത്. സംസ്ഥാന വനിത സെക്രട്ടറിയുടെ ഭർത്താവിന്‍റെ സി.പി.എം ബന്ധം ശബരി ഇതിന് ഉപയോഗിച്ചുവെന്നും അവർ ആരോപിക്കുന്നു. ചോർത്തലിന് പിന്നിലെ യാഥാർഥ വ്യക്തികളെ അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അവർ ദേശീയ നേതൃത്വത്തെ സമീപിച്ചു. നാലുവീതം വൈസ് പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ആണ് ദേശീയനേതൃത്വത്തിന് കത്തയച്ചത്.

Tags:    
News Summary - Conflict in Youth Congress on WhatsApp chat leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.