ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസിന്​ മുമ്പിൽ പ്രതിഷേധവുമായി കോൺഗ്രസ്​ എം.പിമാർ

കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങളെ തീവ്രവാദികളാക്കി മുദ്രകുത്തുകയും സംഘ്​പരിവാർ അജണ്ട അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ഹൈബി ഈഡനും ടി.എൻ. പ്രതാപനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസ് വളപ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

കൊച്ചിയിലെ ലക്ഷദ്വീപ് കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അങ്കിത് അഗർവാളിനെ കണ്ട എം.പിമാർ ശക്തമായ പ്രതിഷേധം അറിയിച്ചു. നിയമവിരുദ്ധ ഉത്തരവുകൾ ഉടൻ റദ്ദാക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്​ എം.പിമാർ ഓഫിസ് വളപ്പിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. എം.പിമാർ സമരം ചെയ്യുന്നതറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഐക്യദാർഢ്യവുമായി എത്തി.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം പരിപൂർണമായി തകർക്കുന്ന നിലപാട് സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്റർ അവരുടെ ഭക്ഷണത്തിലേക്കും കടന്നുകയറിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ സംസ്കാരത്തെയും ജീവിതത്തെയും ഇല്ലാതാക്കാനുള്ള സംഘ്​പരിവാർ അജണ്ട അവസാനിപ്പിക്കണമെന്നും ലക്ഷദ്വീപിനെ സംരക്ഷിക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി, ദീപക് ജോയ്, റിബിൻ ദേവസ്യ, കെ.പി. ശ്യാം എന്നിവരും എം.പിമാർക്ക് ഐക്യദാർഢ്യവുമായി ഓഫിസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Tags:    
News Summary - congress mps protest in Lakshadweep Administration Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.