തിരുവനന്തപുരം: കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ നൽകിയ പ്രഹരത്തിന് മകൻ കെ. മുരളീധരനെ മുൻനിർത്തി കോൺഗ്രസ് പ്രതിരോധം. പത്മജ ബി.ജെ.പിയിലേക്ക് ചാടിയതിന്റെ പരിക്ക് മുരളീധരൻ തൃശൂരിൽ അങ്കത്തിന് ഇറങ്ങുന്നതിലൂടെ തീർക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലിലാണ് സ്ഥാനാർഥി പട്ടികയിലെ അപ്രതീക്ഷിത ട്വിസ്റ്റ്. കരുണാകരന്റെ മകൾ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സംഘ്പാളയം ചേർന്നത് കടുത്ത വിശ്വാസത്തകർച്ചയിലേക്ക് തള്ളിയിട്ട കോൺഗ്രസിന്റെ ഫലപ്രദമായ രാഷ്ട്രീയ നീക്കമാണ് മുരളിയുടെ മണ്ഡലമാറ്റം.
പത്മജ കാലുമാറി 24 മണിക്കൂർ തികയുംമുമ്പ് ആ തീരുമാനമെടുത്ത ചടുലനീക്കവും കോൺഗ്രസിന് നേട്ടമായി. പത്മജയെ ചൊല്ലി പ്രതിരോധത്തിലായ പാർട്ടി ഒറ്റദിവസം കൊണ്ട് മുരളിയിലൂടെ മത്സരത്തിലേക്ക് തിരിച്ചെത്തി.
കേരളത്തിൽ ബി.ജെ.പി ജയപ്രതീക്ഷ വെക്കുന്ന ഏകമണ്ഡലം തൃശൂരാണ്. അവിടെ, കരുണാകരന്റെ മകൻ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ പടവാൾ ഏറ്റെടുക്കുന്നതിലൂടെ ബി.ജെ.പി, സി.പി.എം പ്രചാരണത്തിന്റെ മുനയൊടിക്കാൻ കഴിയുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. ബി.ജെ.പിയുടെ നമ്പർ വൺ മണ്ഡലത്തിൽ താര സ്ഥാനാർഥി സുരേഷ് ഗോപിയെ നേരിടുന്നത് കരുണാകരന്റെ മകനാണെന്നത് കരുണാകരന്റെ മകളടക്കം നരേന്ദ്ര മോദിക്കൊപ്പം ചേരുമ്പോൾ കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കുമെന്ന സി.പി.എമ്മിന്റെ ചോദ്യത്തിന് ഉചിത മറുപടിയാണ്. പത്മജയിലൂടെ കരുണാകരന്റെ പൈതൃകം കവർന്ന് ആ വോട്ട് ബാങ്കിൽ നുഴഞ്ഞുകയറാൻ ആഗ്രഹിക്കുന്ന ബി.ജെ.പി നീക്കത്തിനുള്ള ശക്തമായ പ്രതിരോധവുമാണ് മുരളിയുടെ തൃശൂരിലെ മത്സരം.
അതേസമയം, മുരളീധരന് ഇത് അഗ്നിപരീക്ഷയാണ്. കെ.കെ. ശൈലജയാണ് എതിരാളിയെങ്കിലും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് വീണ്ടും ചർച്ചയായ സാഹചര്യത്തിൽ മുരളീധരന് വടകര നിലനിർത്താനാകുമെന്നായിരുന്നു വിലയിരുത്തൽ. 1996ൽ പിതാവ് കെ. കരുണാകരനും 98ൽ തനിക്കും കാലിടറിയ തൃശൂരിൽ കടുത്ത ത്രികോണ മത്സരമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാനും ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ പി. ജയരാജനെ നേരിടാനും മറ്റ് കോൺഗ്രസ് നേതാക്കൾ വിസ്സമ്മതിച്ചപ്പോൾ വെല്ലുവിളി ഏറ്റെടുത്ത ചരിത്രമാണ് മുരളീധരന്റേത്. ആ പോരാട്ടവീര്യം ഒരിക്കൽകൂടി കോൺഗ്രസിന് തുണയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.