കോൺഗ്രസ്​ ‘സമരാഗ്​നി’ക്ക്​ ഉജ്ജ്വല സമാപനം; സദസ്സി​നെ ഇളക്കിമറിച്ച് മുഖ്യമന്ത്രി രേവന്ത്​ റെഡ്​ഡി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെ.പി.സി.സി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്‌നി’ക്ക് പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ ഉജ്ജ്വല സമാപനം. സമാപന സമ്മേളന വേദിയിലേക്ക്​ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ജാഥ കോൺഗ്രസിന്‍റെ സംഘടനാശക്തി വിളിച്ചോതുന്നതായി. വനിതകളടക്കമുള്ള പ്രവർത്തകർ അണിനിരന്നു.

നാടൻ കലാരൂപങ്ങളും ചെണ്ടമേളങ്ങളും അണിനിരന്ന ജാഥയിൽ ബാൻഡ് മേളവും റോളർ സ്കേറ്റർമാരും ആവേശം വിതറി. സേവാദൾ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകരും പങ്കാളികളായി. സ​മ്മേളനത്തിൽ ഉദ്​ഘാടകനായെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത്​ റെഡ്​ഡി സദസ്സി​നെ ഇളക്കിമറിച്ചു.

തെലുങ്കുഗാനവും അദ്ദേഹത്തിന്‍റെ സമ​രപോരാട്ടങ്ങളുടെ ദൃശ്യങ്ങളും സ്ക്രീനുകളിൽ പ്രദർശിപ്പിച്ചായിരുന്നു ഉദ്​ഘാടകന്​ വരവേൽപ്​ നൽകിയത്​. ലോക്​സഭ തെരഞ്ഞെടുപ്പ്​ ആസന്നമായിരിക്കെ, കേരളത്തിലെ എല്ലാ സീറ്റും യു.ഡി.എഫ്​ നേടണമെന്ന്​ ആഹ്വാനം നൽകിയും സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചുമായിരുന്നു രേവന്ത് റെഡ്​ഡിയുടെ ​പ്രസംഗം.

യുവ നേതാവായ സച്ചിൻ പൈലറ്റും ​കേരളത്തിലെ കോൺഗ്രസ് പ്രവർത്തനത്തെ പ്രശംസിച്ചാണ്​ സംസാരിച്ചത്​. ഇടതു സർക്കാറിനെയും സച്ചിൻ വിമർശിച്ചു.

സമരാഗ്​നിയുടെ ഭാഗമായ ജനകീയ ചര്‍ച്ച സദസ്സില്‍ ജനങ്ങള്‍ സമര്‍പ്പിച്ച പരാതികളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന്​ ​കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പരാതികളില്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കേണ്ടതും പ്രക്ഷോഭം ആരംഭിക്കേണ്ടതുമായ വിഷയങ്ങള്‍ തരംതിരിച്ച് പരിശോധിക്കും.

ലഭിച്ച പരാതികളില്‍ തുടര്‍പ്രവര്‍ത്തനം നടത്താന്‍ ജില്ലകളില്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തും. ജനങ്ങളില്‍നിന്ന് ലഭിച്ച പ്രധാന നിർദേശങ്ങള്‍ യു.ഡി.എഫ് പ്രകടന പത്രികയിലുള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്​. സമരാഗ്‌നിയുടെ ഭാഗമായി 30ലധികം പൊതുസമ്മേളനങ്ങളാണ്​ സംഘടിപ്പിച്ചത്​.   

Tags:    
News Summary - Congress 'Samaragni Yatra' ends brilliantly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.