കോൺഗ്രസ് സമരത്തിന്; ചെറുകടവ് നിവാസികൾ വനംവകുപ്പിന്‍റെ കുടിയിറക്ക് ഭീഷണിയിൽ

പുനലൂർ: തെന്മല പഞ്ചായത്തിലെ ഒന്നാം വാർഡായ ചെറുകടവിലെ നിരവധി കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. വനത്തോട് ചേർന്ന് വർഷങ്ങളായി താമസിക്കുന്ന പട്ടയമുള്ള കുടുംബങ്ങളെ ഉൾപ്പെടെയാണ് തുച്ഛമായ നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കുന്നത്.

സർക്കാർ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമാണിത്. മുന്നറിയിപ്പില്ലാതെ വനം അധികൃതർ ഓരോ വീട്ടിലും എത്തി സർക്കാർ നൽകുന്ന നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുന്നു.

പത്തനാപുരം വനം റേഞ്ച് അധികൃതർ വീടുകൾ തോറും കയറി ഇവിടെനിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. തലമുറകളായി ജീവിക്കുന്ന പ്രദേശവാസികൾക്ക് തുച്ഛമായ നഷ്ടപരിഹാരം കൊടുത്ത് ഇറക്കിവിടാൻ ശ്രമം നടക്കുന്നു.

ജനപ്രതിനിധികളോ പഞ്ചായത്തോ അറിയാതെയാണിത്. കുറച്ച് ഭൂമി ഉള്ളവരിൽനിന്ന് സമ്മതം വാങ്ങി നിശ്ചിത തുക കൈമാറി കുടിയിറക്കാനുള്ള തന്ത്രമാണ് നടത്തുന്നത്.

വർഷങ്ങളായി ഏക്കർ കണക്കിന് റബർ ഉൾപ്പെടെ കൃഷിവിളകളും ലക്ഷങ്ങൾ മുടക്കി വീടുകളും വെച്ചിട്ടുള്ളവർക്ക് തുച്ഛമായ തുകയാണ് നഷ്ടപരിഹാരം ലഭിക്കുക. വന്യമൃഗങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ച് കൃഷിചെയ്ത് ജീവിക്കുന്നവരാണിവർ.

കുടിയിറങ്ങി കഴിയുമ്പോൾ ഈ പ്രദേശങ്ങൾ വനവത്കരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനെതിരെ നാട്ടുകാരെ അണിനിരത്തി വനം ഡിവിഷൻ ഓഫിസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ മുന്നിൽ സമരം ചെയ്യാൻ ചെറുകടവിൽ കൂടിയ കോൺഗ്രസ് വാർഡ് കമ്മിറ്റി തീരുമാനിച്ചു.

കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഡി. പ്രിൻസ്, വാർഡ് മെംബർ കെ. ചെല്ലപ്പൻ, ജയിംസ് കാനാട്ട് മുരളീധരൻ, ഇടമൺ ഷിഹാബ്, കുഞ്ഞപ്പൻ, തമ്പി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Congress strike-Cherukadav residents under threat of eviction by forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.