മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനം -എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നൽകുന്ന കോൺഗ്രസ് നിലപാട് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ കോൺഗ്രസ് നേതൃത്വം സ്വാഗതം ചെയ്തതിലാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. അന്വേഷണങ്ങളെ സി.പി.എം ഭയപ്പെടുന്നില്ലെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ്. ഈ നേതാക്കൾ ബി.ജെ.പിയുമായി സഹകരിക്കാൻ തയാറായാൽ ഇവർക്കെതിരായ അന്വേഷണം അവസാനിക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ജാർഖണ്ഡിൽ ഹേമന്ത് സോറനെതിരെയും ബിഹാറിൽ ആർ.ജെ.ഡി നേതാക്കൾക്കെതിരെയും നടന്നത് ഇത്തരം വേട്ടയാടലാണ്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ​ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വേട്ടയാടാൻ നീക്കമുണ്ടായി. ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗലിനെതിരെയായിരുന്നു നീക്കം.

രാജ്യത്ത് സി.പി.എമ്മിന് ഭരണമുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിലെ നേതാക്കൾക്കെതിരെയാണ് അന്വേഷണ ഏജൻസികൾ തിരിഞ്ഞിട്ടുള്ളത്. കിഫ്ബിക്കും തോമസ് ഐസക്കിനുമെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ കമ്പനിവകുപ്പ് പ്രഖ്യാപിച്ച അന്വേഷണവും കരുവന്നൂർ വിഷയത്തിൽ മന്ത്രി പി.രാജീവിനെതിരായ ഇ.ഡി നീക്കവും ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയപ്രേരിതമായാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നതെന്നും അതിനെ ഭയക്കുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Congress supporting Modi and BJP is like digging its own grave - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.