മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാൻ തീരുമാനിച്ച് കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ മുഖം നഷ്ടപ്പെട്ട കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ മുൻതീരുമാനം.

തദ്ദേശ ഭരണ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദങ്ങളിൽ ഇടപെടേണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് മുല്ലപ്പള്ളി തന്നെ വിശദീകരിക്കട്ടെ എന്നുമായിരുന്നു ധാരണ.

എന്നാൽ മുല്ലപ്പള്ളിക്കെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയെ പിന്തുണക്കാൻ തീരുമാനിച്ചത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രി ആരോപണങ്ങളുന്നയിച്ചതും ഇക്കാര്യത്തില്‍ പരസ്യമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നുണ്ട്.

അതുകൊണ്ടാണ് വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചിട്ടുള്ളത്. മൗനം പാലിച്ചാല്‍ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം പകച്ചു പോയെന്ന ആരോപണം ഒഴിവാക്കാന്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കാണുന്നത്.

എന്നാൽ, പ്രവാസി വിഷയവും മറ്റും ഉയർത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലുള്ള മുല്ലപ്പള്ളിയുടെ പരാമർശം അനാവശ്യമായിരുന്നു എന്ന അഭിപ്രായമാണ് ലീഗ് അടക്കമുള്ള യു.ഡി.എഫ് ഘടകകക്ഷികൾക്കുള്ളത്.

അതേസമയം, ആരോഗ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് എൽ.ഡി.എഫ്. മുല്ലപ്പള്ളി മാപ്പുപറയുന്നതുവരെ വഴിയില്‍ തടയുന്നത് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.