വൈറ്റിലയിൽ നിർമാണ ചെലവിലെ ലാഭം 6.73 കോടി, ടോളുമില്ല; പി.ഡബ്ല്യു.ഡിക്കും അഭിമാനിക്കാനേറെ

കൊച്ചി: പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും പ്രധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറില്‍ 13,000ത്തിലധികം വാഹനങ്ങളാണ് വൈറ്റില ജംഗ്​ഷന്‍ വഴി കടന്നുപോകുന്നത്. ഇവിടത്തെ അഴിയാത്ത ഗതാഗതക്കുരുക്കിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. വൈറ്റില മേല്‍പ്പാലം തുറക്കുന്നതോടെ ആ പ്രശ്‌നത്തിന് പരിഹാരമാകും.

2008ലാണ് ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്​ഷനുകളില്‍ ​ൈഫ്ലഓവര്‍ നിർമിക്കാൻ വിശദമായ പദ്ധതിരേഖ ദേശീയപാത അതോറിറ്റി സര്‍ക്കാറിന് സമര്‍പ്പിക്കുന്നത്. എന്നാല്‍, 1200 കോടി രൂപ നിർമാണ ചെലവ് വരുമെന്നതിനാല്‍ കേന്ദ്ര റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പദ്ധതി അംഗീകരിച്ചില്ല.

2014ല്‍ ഡി.എം.ആര്‍.ഡി പദ്ധതി അംഗീകരിച്ചതോടെയാണ് വൈറ്റില ​ൈഫ്ലവാറിന്‍റെ ആരംഭം. എന്നാല്‍, ഫണ്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം നിർമാണം അവര്‍ ഏറ്റെടുത്തില്ല. പിന്നീട് കിഫ്ബി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയും കിഫ്ബി ഫണ്ടിംഗ് ഏജന്‍സി ആയും 2017ല്‍ 113 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് വിശദമായ പദ്ധതിരേഖ പ്രകാരം 85.90 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു. 2017 സെപ്​റ്റംബറില്‍ പദ്ധതിക്ക് ടെണ്ടര്‍ ക്ഷണിച്ചു. 2017ല്‍ 78.36 കോടി രൂപക്ക്​ കരാര്‍ നല്‍കി.

2017 ഡിസംബറില്‍ പദ്ധതിയുടെ നിർമാണോദ്ഘാടനം നിര്‍വഹിച്ചു. 18 മാസം കൊണ്ട് നിർമാണം പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ഇതിനിടയിലുണ്ടായ പ്രതിസന്ധികള്‍ മൂലം ചെറിയ കാലതാമസമുണ്ടായി. നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലും ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും എന്‍ജിനീയറിങ്​ മികവോടെയും വൈറ്റില മേല്‍പ്പാലം യാഥാര്‍ഥ്യമായിരിക്കുകയാണ്.

നിർമാണ വൈദഗ്ധ്യത്തില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മറ്റ് ഏജന്‍സികളേക്കാള്‍ ഒട്ടും പിന്നിലല്ലെന്ന വസ്തുത കൂടി വെളിപ്പെടുകയാണിവിടെ. നിശ്ചിത തുകയേക്കാള്‍ 6.73 കോടി രൂപ ലാഭമുണ്ടാക്കി നിർമാണം പൂര്‍ത്തീകരിക്കുന്നുവെന്നതും ദേശീയപാതയില്‍ പൂർണാമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ആദ്യ പാലമെന്നതും എടുത്തുപറയേണ്ട സവിശേഷതകളാണ്.


440 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉള്‍പ്പടെ മേല്‍പ്പാലത്തിന്‍റെ ആകെ നീളം 720 മീറ്ററാണ്​. ഓരോ പാലത്തിലും മൂന്നുവരി വീതം ആറുവരിപ്പാതയായാണ് നിർമാണം. ​ൈഫ്ലഓവറിന് മെട്രോ റെയിലുമായി 5.5 മീറ്റര്‍ ഉയര വ്യത്യാസമുണ്ട്. കേന്ദ്ര റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം, ദേശീയപാത അതോറിറ്റി ഉള്‍പ്പടെ എല്ലാവരും അംഗീകരിച്ചതാണിത്.

നിയമ വിധേയമായി ഒരു വാഹനത്തിന് അനുവദിച്ച പരമാവധി ഉയരം 4.7 മീറ്ററാണ്. അതിനാല്‍ തന്നെ ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവക്ക്​ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാലത്തിലൂടെ കടന്നുപോകാം.

​​ൈഫ്ലഓവറിന്‍റെ ഇടപ്പള്ളി ഭാഗത്ത് 7.5 മീറ്റര്‍ വീതിയില്‍ ഇരുവശത്തും സർവിസ് റോഡുകള്‍ പുതുതായി നിർമിച്ചു. പൊന്നുരുന്നി ഭാഗത്തുനിന്ന് ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്കായി സർവിസ് റോഡിന് താഴെ ഇരുവശവും സ്ലിപ്പ് റോഡുകളും നിർമിച്ചിട്ടുണ്ട്.

ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി രണ്ട് സർവിസ് റോഡുകളാണുള്ളത്​. ആലുവ ഭാഗത്തുനിന്നും മൊബിലിറ്റി ഹബ്ബ്, തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് ഇടതുഭാഗത്തെ സർവിസ് റോഡ്. കടവന്ത്ര, പൊന്നുരുന്നി ഭാഗങ്ങളില്‍നിന്നും ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് വേണ്ടിയാണ് വലതുഭാഗത്തെ സർവിസ് റോഡ്.

പൊന്നുരുന്നി ഭാഗത്തുനിന്നും ഹബ്ബിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് വേണ്ടി ഈ സർവിസ് റോഡിന് താഴെയായി സ്ലിപ്പ് റോഡ് നിർമിച്ചിട്ടുണ്ട്. മേല്‍പ്പാലത്തിന് താഴെ കടവന്ത്ര തൃപ്പൂണിത്തുറ, ആലപ്പുഴ തൃപ്പൂണിത്തുറ, ആലപ്പുഴ ഹബ്ബ് എന്നീ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ നിർമിച്ച വൈറ്റില മേല്‍പ്പാലം കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് മുതല്‍ക്കൂട്ടാകും. സമയബന്ധിതവും സുരക്ഷിതവുമായ രീതിയിലാണ് വൈറ്റില മേല്‍പ്പാലം നിർമാണം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ അടിസ്ഥാന നിർമാണ മേഖലയില്‍ പാലങ്ങളുടെ നിർമാണത്തിന് പ്രത്യേക പ്രാധാന്യമാണ് നല്‍കി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച്​ വര്‍ഷത്തിനുളളില്‍ 540 പാലങ്ങളാണ് കേരളത്തില്‍ നിർമിച്ചത്. കുട്ടനാട് താലൂക്കില്‍ മാത്രം 24 പാലങ്ങള്‍ നിർമിച്ചു. പൊതുമരാമത്ത് വകുപ്പില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വെവ്വേറെ ചീഫ് എന്‍ജിനീയര്‍മാരെ നിയമിച്ചു. അതിവേഗ നിർമാണം ലക്ഷ്യമിട്ടായിരുന്നു ഇത്. പാലാരിവട്ടം പാലം അടുത്ത മെയ് മാസത്തില്‍ നിർമാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.


കൊല്ലത്തെ ഏനാത്ത് പാലം അപകടത്തിലായപ്പോള്‍ ആറുമാസം കൊണ്ട് പുതിയ പാലം നിർമിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുശേഷം പാലങ്ങളുടെ നിർമാണ പൂര്‍ത്തീകരണത്തിന് രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കി. പാലം പൂര്‍ത്തിയാകുമ്പോള്‍ ചീഫ് എന്‍ജിനീയര്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും പാലം പരിശോധിച്ച് കമീഷന്‍ ചെയ്യാന്‍ യോഗ്യമാണ് എന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും നല്‍കണം.

ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ 2017ന് ശേഷം ഒരു പാലവും ഉദ്ഘാടനം ചെയ്തിട്ടില്ല. വൈറ്റില മേല്‍പ്പാലത്തിന്‍റെ കാര്യത്തില്‍ ജനുവരി അഞ്ചിനാണ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ജനുവരി എട്ടിനാണ് ദേശീയ പാത അതോറിറ്റിയുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. 34 അവലോകന യോഗങ്ങളാണ് വൈറ്റില മേല്‍പ്പാലം നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയത്.

2020 നവംബര്‍ 30നാണ് വൈറ്റില പാലത്തിന്‍റെ നിർമാണം പൂര്‍ത്തിയായത്. ഓരോ ഘട്ടത്തിലും നിരവധി പരിശോധനകള്‍ നടത്തി. 25 ലക്ഷം രൂപ മുടക്കി ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരെ കൊണ്ടുവന്ന് രണ്ട് തവണ പരിശോധന നടത്തി. 2020 ഡിസംബര്‍ 27 മുതല്‍ 29 വരെ ഭാരപരിശോധന നടത്തി. 126.4 മെട്രിക് ടണ്‍ ഭാരം കയറ്റിയാണ് പരിശോധന നടത്തിയത്. യോഗ്യതക്കാവശ്യമായ 85ന്​ പകരം 100 ശതമാനം ആണ് വൈറ്റില പാലത്തിന്​ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ഥ്യമാകുന്നത് രണ്ടു പതിറ്റാണ്ട്​ കാലത്തെ സ്വപ്‌നമാണെന്ന് ചടങ്ങില്‍ മുഖ്യതിഥിയായി വീഡിയോ കോണ്‍ഫറന്‍സി വഴി പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നൂതനമായ രീതിയില്‍ ഇതിനുള്ള പണം കണ്ടെത്താനായതിനാലാണ് മേല്‍പ്പാലത്തിന്‍റെ നിർമാണം പൂര്‍ത്തീകരിക്കാനായത്.

മേല്‍പ്പാലം സംസ്ഥാന സര്‍ക്കാര്‍ നിർമിക്കുമ്പോള്‍ പൊതുജനങ്ങള്‍ ടോള്‍ നല്‍കേണ്ടതില്ല. സമയബന്ധിതമായി പൂര്‍ത്തിയാക്കാനും കഴിഞ്ഞു. ദേശീയ പാത അതോറിറ്റി നിർമിക്കുമ്പോള്‍ ദേശീയ മുന്‍ഗണനയുടെ അടിസ്ഥാനത്തിലേ നിർമിക്കാനാകൂ. അപ്പോള്‍ നിർമാണം വൈകും. ധനവിഭവ സമാഹരണത്തിന് കിഫ്ബി എന്ന നൂതന മാതൃക സൃഷ്ടിക്കാനായത് വലിയ നേട്ടമായി എന്ന ബോധവത്കരണത്തിന്​ കൂടിയുള്ള സന്ദര്‍ഭമാണിതെന്ന് മന്ത്രി പറഞ്ഞു.

60,000 കോടി രൂപയുടെ നിർമാണ പ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്ത് നടന്നത്. നൂതനമായ വിഭവ സമാഹരണവും അതുപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ മികവുമാണ് ഈ അവസരത്തില്‍ ശ്രദ്ധേയമാകുന്നത്. 20,000 കോടി രൂപയുടെ നിർമാണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വഴിയാണ് നടപ്പാക്കിയത്. കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനും നാടിന്‍റെ മുഖച്ഛായ മാറ്റാനുമുള്ള അവസരമാണ് കിഫ്ബി വഴി സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ എസ്. ശര്‍മ്മ, പി.ടി. തോമസ്, എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ടി.ജെ. വിനോദ്, ജില്ല കലക്ടര്‍ എസ്. സുഹാസ്, മുന്‍ എം.പി കെ.വി. തോമസ്, കൗണ്‍സിലര്‍ സി.ഡി. ബിന്ദു, പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം. അശോക് കുമാര്‍, ദേശീയ പാത സെന്‍റര്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.