നാദാപുരം: മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നാദാപുരം, തൂണേരി ഗ്രാമപഞ്ചായത്ത് അതിർത്തികൾ അടച്ച് പൊലീസ് പരിശോധന കർശനമാക്കി. 460 പേർ സമ്പർക്ക പട്ടികയിൽ. വിഷ്ണുമംഗലം പാലം, പാറക്കടവ് പാലം, വേറ്റുമ്മൽ, കക്കംവെള്ളി, ശാദുലി റോഡ് തുടങ്ങിയ റോഡുകൾ പൊലീസ് അടച്ചു. അടിയന്തര സാഹചര്യത്തിലുള്ള വാഹനങ്ങൾ കർശന പരിശോധനകൾക്ക് ശേഷമാണ് കടത്തി വിടുന്നത്. നാദാപുരം ഗ്രാമ പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട് 200 ലധികം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സമ്പർക്ക പട്ടിക വിപുലമായതിനാൽ പലരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇവരുമായി സമ്പർക്കത്തിലായവർ ഉണ്ടെങ്കിൽ ക്വാറൻറീനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തൂണേരിയിൽ 260 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആരോഗ്യ പ്രവർത്തകരടക്കമുള്ളവരുടെ സ്രവം തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് തിങ്കളാഴ്ച പരിശോധനക്കെടുക്കും. നാദാപുരം താലൂക്ക് ആശുപത്രിയിലും പരിശോധന നടക്കും. പൊലീസും ആരോഗ്യ വകുപ്പും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകി. ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര ഗ്രാമപഞ്ചായത്തുകളായ വാണിമേൽ, വളയം, ചെക്യാട് പ്രദേശത്തുള്ളവർ പ്രധാന പാതകൾ അടച്ചതോടെ ഒറ്റപ്പെട്ട നിലയിലാണ്.
ചോമ്പാല ഹാര്‍ബർ: പ്രവേശനത്തിന് തിരിച്ചറിയല്‍ കാര്‍ഡ്
വടകര: ചോമ്പാല ഹാര്‍ബറില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഹാര്‍ബര്‍ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ പ്രവേശനം ഉണ്ടാവില്ല. എട്ട് മുതല്‍ അഞ്ച് മണിവരെ മാത്രമായി പ്രവര്‍ത്തനസമയം ക്രമീകരിച്ചു. അധികൃതര്‍ നല്കുന്ന തിരിച്ചറിയല്‍ കാർഡുള്ള തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും മാത്രമാണ് പ്രവേശനം. മത്സ്യവിതരണ തൊഴിലാളികളും വില്പനക്കാരും ഒന്നര മണിക്കൂറില്‍ കൂടുതല്‍ സമയം ഹാര്‍ബറിനുള്ളില്‍ നില്ക്കാന് പാടില്ല. അകലം പാലിക്കാന്‍ ആറ് കൗണ്ടറുകള്‍ ലേലപ്പുരയില്‍ ഒരുക്കും. ഗ്രാമ പഞ്ചയാത്ത് അംഗം കെ. ലീലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വടകര കണ്ട്രോള് റൂം ഡിവൈ.എസ്.പി രാഗേഷ് കുമാര്‍, ചോമ്പാല സി.ഐ ടി.പി. സുമേഷ്, കോസ്റ്റല്‍ സി.ഐ കെ.ആര്. ബിജു, എസ്.ഐ നിഖില്‍, ഹാര്‍ബര്‍ എൻജിനീയര്‍ അജിത്ത് കുമാര്‍, വില്ലേജ് ഓഫിസര്‍ റിനീഷ് എന്നിവര്‍ സംബന്ധിച്ചു.
ക്വാറൻറീനിൽ പോകാൻ നിർദേശം
ആയഞ്ചേരി: കഴിഞ്ഞ ദിവസം വയനാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകൻ ഈ മാസം ആദ്യവാരം സ്വദേശമായ കോട്ടപ്പള്ളിയിലെ വീട്ടിലെത്തിയപ്പോൾ സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട നാൽപതോളം പേരോട് ക്വാറൻറീനിൽ കഴിയാനും ഇവരുടെ കോവിഡ് പരിശോധന അടുത്തദിവസം തന്നെ നടത്തുന്നതാണെന്നും തിരുവള്ളൂർ പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ഡോ. ഉഷ അറിയിച്ചു.
കൊയിലാണ്ടി ഹാർബർ കർശന നിയന്ത്രണത്തിലേക്ക്
കൊയിലാണ്ടി: കോവിഡ് രോഗനിയന്ത്രണഭാഗമായി മത്സ്യബന്ധന തുറമുഖത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തും. പലപ്പോഴും ആളുകൾ തള്ളിക്കയറുന്ന പശ്ചാത്തലത്തിലാണിത്. കലക്ടറുടെ നിർദേശപ്രകാരം ചേർന്ന ഹാർബർ മാനേജ്മെൻറ് സൊസൈറ്റി ഇതുസംബന്ധിച്ച തീരുമാനമെടുത്തു.
ഹാർബറിൽ പ്രവേശിക്കുന്ന കച്ചവടക്കാർക്കും ലേലക്കാർക്കും എച്ച്.എം.എസ് മുഖേന തിരിച്ചറിയൽ കാർഡ് കലക്ടറുടെ അനുമതിയോടെ നൽകാൻ തീരുമാനിച്ചു. ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവെച്ചു. കണ്ടെയ്ൻമെൻറ് സോണിൽനിന്നും ഇതര സംസ്ഥാനത്തുനിന്നും മത്സ്യവിൽപനക്കു വരുന്ന വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കിൾ ഇൻസ്പെക്ടർക്കും പ്രചാരണം നടത്താൻ പന്തലായനി വില്ലേജ് ഓഫിസർക്കും കത്തുനൽകി. ഹാർബറിൽ ചുറ്റുമുള്ള സ്ഥലത്ത് മത്സ്യവിൽപനക്ക് വിലക്കേർപ്പെടുത്തി. കച്ചവടക്കാർക്കും വണ്ടികൾക്കും ഏർപ്പെടുത്തിയ ഗേറ്റ് എൻട്രി പാസിൽ സമയം പരമാവധി രണ്ടു മണിക്കൂർ ക്രമീകരിക്കാനും തീരുമാനിച്ചു. കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, കെ.ടി.വി. റഹ്മത്ത്, ഡിവൈ.എസ്.പി ഹരിദാസൻ, നോഡൽ ഓഫിസർ ഷറിൻ അബ്ദുല്ല, ജൂനിയർ സൂപ്രണ്ട് എം.പി. പ്രദീപൻ, സ്പെഷൽ വില്ലേജ് ഓഫിസർ സി. രാജൻ, കെ.കെ. ശ്രീജ, ജസീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.