കൊച്ചി: ഹൈകോടതി ജഡ്ജിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ യുട്യൂബ് ചാനൽ വഴി തിരുത്തി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ. തനിക്കെതിരെ ഹൈകോടതി സ്വമേധയ സ്വീകരിച്ച ക്രിമിനൽ കോടതിയലക്ഷ്യ ഹരജിയിലാണ് ഷാജഹാന്റെ മാപ്പ്. ആരോപണങ്ങളുടെ വിഡിയോ ലിങ്ക് നീക്കം ചെയ്തെന്നും കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യം സർക്കാറും സ്ഥിരീകരിച്ചതോടെ യ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കാൻ ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് തീരുമാനിച്ചു.
ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ഷാജഹാൻ യുട്യൂബ് ചാനലിൽ പരാമർശം നടത്തിയത്. നേരത്തേ സത്യവാങ്മൂലത്തിലൂടെ മാപ്പപേക്ഷ നൽകിയെങ്കിലും യുട്യൂബ് ചാനലിലൂടെ കെ.എം. ഷാജഹാൻ ജഡ്ജിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന് മാപ്പ് നൽകണമെന്നും വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുട്യൂബ് ചാനലിലൂടെയും മാപ്പ് പറയണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് യുട്യൂബിലൂടെയും മാപ്പപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.