കണ്ണൂർ കുത്തകയുടെ തുടർച്ച; പാർട്ടി തലപ്പത്തെ ഏഴാമൻ

കണ്ണൂർ: സി.പി.എമ്മിന്‍റെ പുതിയ സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ വരുമ്പോൾ അത് പാർട്ടിയിലെ കണ്ണൂർ കുത്തകയുടെ വിളംബരം കൂടിയാണ്.

1964ൽ സി.പി.എം പിറന്നത് മുതൽ ഇന്നുവരെ പാർട്ടി സെക്രട്ടറി പദമേറിയ ഒമ്പതു പേരിൽ കണ്ണൂരിൽനിന്നുള്ള ഏഴാമനാണ് എം.വി. ഗോവിന്ദൻ. സി.എച്ച്. കണാരൻ, എ.കെ.ജി, ചടയൻ ഗോവിന്ദൻ, ഇ.കെ. നായനാർ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. കണ്ണൂരിന് പുറത്ത് ഇ.എം.എസും വി.എസ്. അച്യുതാനന്ദനും മാത്രമാണ് ആ പദവി അലങ്കരിച്ചത്. രാജ്യത്തുതന്നെ സി.പി.എമ്മിന്‍റെ എറ്റവും വലിയ ജില്ല ഘടകമാണ് കണ്ണൂരിലേത്.

പാർട്ടി അംഗങ്ങളുടെയും ബ്രാഞ്ചുകളുടെയും എണ്ണത്തിൽ മറ്റു പല സംസ്ഥാന ഘടകങ്ങളേക്കാൾ മുന്നിലാണ് കണ്ണൂർ. കഴിഞ്ഞ ഏപ്രിലിൽ നടന്ന 23ാം പാർട്ടി കോൺഗ്രസ് കോവിഡ് പരിമിതികൾക്കുള്ളിലും ചരിത്രസംഭവമാക്കി മാറ്റിയ കണ്ണൂർ ജില്ല ഘടകം തങ്ങളുടെ സംഘടനാശേഷി ആവർത്തിച്ച് തെളിയിച്ചു.

അനാരോഗ്യം കാരണം കോടിയേരി ബാലകൃഷ്ണന് പദവി ഒഴിയേണ്ടിവന്നതോടെ പകരക്കാരനെ നിശ്ചയിക്കുന്നതിൽ കണ്ണൂരിന്‍റെ പാർട്ടിക്കരുത്തും നേതൃത്വം പരിഗണിച്ചിട്ടുണ്ടെന്ന് ഉറപ്പ്. പാർട്ടിയിലെ വടക്കൻ ആധിപത്യത്തെ കണ്ണൂർ ലോബി എന്നൊക്കെയാണ് പാർട്ടി വിമർശകർ വിശേഷിപ്പിക്കാറുള്ളത്.

അതൊക്കെയുണ്ടെങ്കിലും കണ്ണൂർ കരുത്തിനെ വകവെക്കാതെ മുന്നോട്ടുപോകാൻ നേതൃത്വത്തിന് കഴിയില്ല. കാരണം, ബംഗാളിലും ത്രിപുരയിലും നാമാവശേഷമായിപ്പോയ പാർട്ടി അവശേഷിക്കുന്ന കേരളത്തിലെങ്കിലും പിടിച്ചുനിൽക്കാൻ നേതൃത്വത്തിന് കണ്ണൂർ കരുത്തിന്‍റെ പിൻബലമില്ലാതെ വയ്യ.

തലശ്ശേരി സ്വദേശിയായ സി.എച്ച്. കണാരനായിരുന്നു സി.പി.എമ്മിന്‍റെ പ്രഥമ സംസ്ഥാന സെക്രട്ടറി. 1964 മുതൽ 1972വരെ അദ്ദേഹം ചുമതല വഹിച്ചു. പിൻഗാമിയായിവന്നത് കണ്ണൂരുകാരനായ എ.കെ.ജി. ശേഷം വന്നത് മലപ്പുറത്തുനിന്നുള്ള ഇ.എം.എസ്. ഇ.കെ. നായനാരിലൂടെ പാർട്ടി സെക്രട്ടറി പദം കണ്ണൂരിൽ തിരിച്ചെത്തി.

എട്ടു വർഷത്തോളം നായനാർ പാർട്ടിയെ നയിച്ചു. പിന്നീട് ആലപ്പുഴക്കാരൻ വി.എസ്. അച്യുതാനന്ദനാണ് സെക്രട്ടറിയായത്. വി.എസ് ഒഴിഞ്ഞപ്പോൾ ചടയൻ ഗോവിന്ദനിലൂടെ സെക്രട്ടറിപദം കണ്ണൂരിൽ തിരിച്ചെത്തി. പിന്നീട് വന്ന സെക്രട്ടറിമാർ എല്ലാം കണ്ണൂരുകാരാണ്. സെക്രട്ടറി സ്ഥാനത്തിരിക്കെ ചടയൻ മരിച്ചതോടെ പിൻഗാമിയായി പിണറായി വിജയനെത്തി.

ദൈർഘ്യമേറിയ ഒന്നര പതിറ്റാണ്ടിലേറെ പാർട്ടി കടിഞ്ഞാൺ പിണറായിയുടെ കൈകളിലായിരുന്നു. അതിനുപിന്നാലെ പാർട്ടിയുടെ സൗമ്യമുഖമായ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായി.

ഇപ്പോഴിതാ എം.വി. ഗോവിന്ദനും. പാർട്ടി സെക്രട്ടറി പദവിയിലേക്കുള്ള ഗോവിന്ദന്‍റെ വരവിൽ പിണറായിയുമായി ഒരു സാമ്യമുണ്ട്. നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കവെയാണ് മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി പാർട്ടി സെക്രട്ടറിയായത്. സമാനമായാണ് എം.വി. ഗോവിന്ദൻ പാർട്ടിയെ നയിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നത്.

Tags:    
News Summary - Continuation of Kannur Monopoly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.