തൃശൂർ: കരാറുകാരുടെ ഏറെ നാളായുള്ള ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ ടെൻഡറുകളും ബഹിഷ്കരിക്കുമെന്ന് ഗവ. കരാറുകാരുടെ സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് തൃശൂർ മുണ്ടശ്ശേരി ഹാളിൽ സംയുക്ത സമര പ്രഖ്യാപന കൺവൻഷൻ ചേരും.
സർക്കാർ ഇടപെടാത്ത പക്ഷം ഡിസംബർ മുതൽ എല്ലാ നിർമാണവും നിർത്തിവെക്കുമെന്നും പറഞ്ഞു. നിർമാണങ്ങൾക്ക് ആവശ്യമായ യഥാർഥ രൂപരേഖയോ ഗുണനിലവാരമുള്ള സാമഗ്രികളോ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല. കോടതി അപാകതകൾ ചൂണ്ടിക്കാട്ടുമ്പോൾ ഉത്തരവാദിത്തം കരാറുകാരുടെ മേൽ ചാർത്തുകയാണെന്ന് സമരസമിതി കൺവീനർ കെ. മനോജ്കുമാർ ആരോപിച്ചു.
2021ലെ ഡി.എസ്.ആർ ഉടൻ നടപ്പാക്കുക, എല്ലാ കരാറിലും വില വ്യതിയാന വ്യവസ്ഥ ഉൾപ്പെടുത്തുക, ബിറ്റുമിന് വില വ്യത്യാസം നൽകാനുള്ള ധനവകുപ്പിന്‍റെ ഉത്തരവ് നടപ്പാക്കുക, അഞ്ച് ലക്ഷം രൂപയിൽ താഴെവരുന്ന കരാർ പ്രവൃത്തികൾ ഇ-ടെൻഡറിൽനിന്ന് ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. സംസ്ഥാനത്തെ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റികളുടെ പേരിൽ ചിലർ അനധികൃതമായി ആനുകൂല്യങ്ങൾ നേടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ കെ.എം. ശ്രീകുമാർ, ട്രഷറർ ടി.ആർ. സുരേഷ്കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.