തിരുവനന്തപുരം: സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബിയുടെയും ഊർജവകുപ്പിന്റെയും നീക്കത്തിൽ വിവാദം. 220 മെഗാവാട്ടിന്റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന 7000 കോടിയുടെ പദ്ധതിക്ക് ചർച്ച തുടങ്ങി. ന്യൂക്ലിയർ പവർ കോർപറേഷനുമായി പ്രാരംഭഘട്ട ചർച്ച കെ.എസ്.ഇ.ബി നടത്തിക്കഴിഞ്ഞു. അടുത്ത ഘട്ടം ചർച്ച ബുധനാഴ്ച വൈകീട്ട് നാലിന് വിഡിയോ കോൺഫറൻസിങ്ങായി നടക്കും. എന്നാൽ, ആണവനിലയം സംബന്ധിച്ച് സി.പി.എം നിലപാട് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ആദ്യം വിശദീകരിച്ചെങ്കിലും പിന്നീട് മയപ്പെടുത്തി.
കേരളത്തിന്റെ വൈദ്യുതി ആവശ്യം കണക്കിലെടുത്ത് ന്യൂക്ലിയർ പവർ കോർപറേഷന്റെ ‘അൺ അലോക്കേറ്റഡ് ഷെയർ’ ആയി അധികമുള്ള വൈദ്യുതിയുടെ വിഹിതം ലഭിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടന്നതെന്നും അപ്പോള്‍ സാന്ദര്‍ഭികമായി ആണവോർജനിലയം സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും നടത്തുകയുണ്ടായെന്നും മന്ത്രി തിരുത്തി.
പൊതുയോജിപ്പും സമവായവും ആവശ്യമുള്ള സംഗതിയായതിനാൽ അത്തരം സമവായം രൂപപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അതിനാൽ, ആണവോര്‍ജ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലവില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, കഴിഞ്ഞവർഷം മുതൽ തുടങ്ങിയ ചർച്ചകളുടെ തുടർച്ചയായി നിലയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കൽപ്പാക്കം ആണവനിലയം ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായ വിവിരങ്ങളും ഇപ്പോൾ പുറത്തുവന്നു.
കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാനാണ് ആണവനിലയത്തിന്റെ സാധ്യത കെ.എസ്.ഇ.ബി പരിശോധിക്കുന്നത്. ഒന്നുകിൽ കൽപ്പാക്കം നിലയത്തിൽനിന്ന് ആണവ വൈദ്യുതി വാങ്ങാം. അല്ലെങ്കിൽ കേരളത്തിന് പുറത്ത് നിലയം സ്ഥാപിച്ച് വൈദ്യുതി വാങ്ങാം. അതുമല്ലെങ്കിൽ കേരളത്തിൽതന്നെ നിലയം സ്ഥാപിക്കാം.
ഭാവിനി ചെയർമാൻ ചീഫ് സെക്രട്ടറിക്ക് നേരത്തേ അയച്ച കത്തിൽ ആണവനിലയത്തിനായി കേരളം സ്ഥലം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. തീരത്താണെങ്കിൽ 625 ഹെക്ടറും മറ്റിടങ്ങളിലാണെങ്കില്‍ 960 ഹെക്ടറും വേണമെന്നാണ് ആവശ്യം. ആണവനിലയം സ്ഥാപിക്കാൻ അതിരപ്പിള്ളിയും ചീമേനിയും കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ട്. പക്ഷേ, ഇത് വൈദ്യുതി മന്ത്രി നിഷേധിച്ചു. ഇതിനിടെ നയപരമായ തീരുമാനമെടുക്കും മുമ്പ് കെ.എസ്.ഇ.ബി ചർച്ചകൾ നടത്തിയ വിവരം പുറത്തുവന്നതിൽ സി.പി.എമ്മിൽ അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.