തൃശൂര്‍: എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ. വിജയരാഘവെൻറ ഭാര്യയും തൃശൂര്‍ കോർപറേഷൻ മുന്‍ മേയറുമായ ഡോ. ആര്. ബിന്ദുവിനെ തൃശൂര്‍ ശ്രീകേരളവര്‍മ കോളജിൽ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതിൽ വിവാദം.
സി.പി.എം നിയന്ത്രണത്തിലുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡിെൻറ കീഴിലുള്ള കോളജില്‍ വൈസ് പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചാണ് പ്രിന്‍സിപ്പലിെൻറ ചുമതല പകുത്തുനൽകിയതെന്നാണ് ആക്ഷേപം.
ഇംഗ്ലീഷ് വിഭാഗം മേധാവിയായ അസോസിയേറ്റ് പ്രഫ. ആര്. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി ഒക്ടോബര്‍ 30നാണ് നിയമിച്ചത്. ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളജ്, കണ്ണൂർ വി.കെ. കൃഷ്ണമേനോന് ഗവ. കോളജ് തുടങ്ങിയ ചില കോളജുകളിൽ വൈസ് പ്രിന്‍സിപ്പല്‍ തസ്തികയുണ്ട്.
നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍, കോളജ് അക്രഡിറ്റേഷന് തുടങ്ങിയ കാര്യങ്ങൾ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കോളജില്‍ കിഫ്ബി, ഡെവലപ്മെൻറ് ഫോറം, പി.ടി.എ എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെയും എന്‍.ഐ.ആര്.എഫ്, നാക് തുടങ്ങിയ അക്രഡിറ്റേഷന് പ്രവര്‍ത്തനങ്ങളുടെയും സ്വതന്ത്രചുമതല വൈസ് പ്രിന്‍സിപ്പലിനാണ്.
പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്കുകവഴി പരീക്ഷാനടത്തിപ്പും കോളജിെൻറ നടത്തിപ്പുംമാത്രമായി പ്രിന്‍സിപ്പലിെൻറ ചുമതല ഒതുങ്ങിയെന്നാണ് ഒരുവിഭാഗത്തിെൻറ ആക്ഷേപം.
തന്നെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതിൽ ചട്ടലംഘനമില്ലെന്ന് ഡോ. ആർ. ബിന്ദു പറഞ്ഞു. യു.ജി.സിയുടെ 2018 റെഗുലേഷന്‍സിൽ പറയുന്നത് പ്രകാരമാണ് നിയമനം. അത് 2020 ഫെബ്രുവരിയില്‍ കലിക്കറ്റ് സർവകലാശാല അംഗീകരിച്ചിട്ടുണ്ട്. പല കോളജിലുമുള്ള തസ്തികയുമാണ്. മിക്കവാറും ക്രിസ്ത്യന്‍ മാനേജ്മെൻറ് കോളജുകളും അത് നടപ്പാക്കിയിരുന്നു. ചില സര്‍ക്കാര്‍ കോളജുകളിലും നടപ്പായിട്ടുണ്ട്. സര്‍ക്കാര്‍ കോളജുകളില്‍ വൈസ് പ്രിൻസിപ്പൽ പദവിയാകാമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശവുമുണ്ട്. താൻ എ. വിജയരാഘവെൻറ ഭാര്യയായതിനാൽ മാത്രമാണ് വിവാദം. സാമ്പത്തികമായി എന്തെങ്കിലും നേട്ടമുള്ള പദവിയല്ല. ചെയ്യുന്ന ജോലിക്ക് പുറമെ കോളജിെൻറ വികസന പ്രവര്‍ത്തനങ്ങളിലുൾപ്പെടെ ഭാഗമാകുക എന്നതാണ്. പ്രിന്‍സിപ്പല്‍ കഴിഞ്ഞാല്‍ സീനിയോറിറ്റിയുള്ളത് തനിക്കായതിനാൽ സീനിയോറിറ്റി മറികടന്നെന്ന പ്രശ്നവുമില്ല. ആകെ നാല് അസോസിയേറ്റ് പ്രഫസര്മാരാണുള്ളത്. അതില്‍ ഡോക്ടറേറ്റുള്ളത് തനിക്കാണ്. കോളജുമായി ബന്ധപ്പെട്ട വികസനകാര്യങ്ങളിൽ ഉത്തരവാദിത്ത വിഭജനമെന്ന വിധത്തിലുള്ള നടപടി മാത്രമാണ് മാനേജ്മെൻറ് ചെയ്തതെന്നും ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.