തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് കേരള സർവകലാശാല മലയാള വിഭാഗത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (പി.ഡി.എഫ്) അനുവദിച്ചതും, പ്രത്യേക പരിഗണയിൽ ചട്ട വിരുദ്ധമായി ജോയിൻ ചെയ്യുന്നതിന് കൂടുതൽ സമയം അനുവദിച്ചതും വിവാദത്തിൽ. അടുത്ത ദിവസം കണ്ണൂർ സർവകലാശാല നടത്തുന്ന മലയാളം അസിസ്റ്റൻറ് പ്രഫസറെ നിയമിക്കുന്നതിനുള്ള ഓൺലൈൻ ഇൻറർവ്യൂവിൽ, അധിക യോഗ്യതക്ക് വേണ്ടിയാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് അനുവദിച്ചതെന്നാണ് ആക്ഷേപം.
മറ്റൊരു പൂർണസമയ ഔദ്യോഗിക ചുമതല വഹിക്കുന്നവർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് അനുവദിക്കാൻ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ മറികടന്നാണ് കേരള സിൻഡിക്കേറ്റ് ഫെലോഷിപ് അനുവദിച്ചതും ജോയിൻ ചെയ്യുന്നതിന് ആറുമാസം സമയം നീട്ടിനൽകിയതും.
ദത്ത് വിവാദത്തിൽ അകപ്പെട്ട ഷിജുഖാനെ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്. സംവരണ തസ്തികയിലേക്കുള്ള ഇൻറർവ്യൂ ബുധനാഴ്ച ഓൺലൈനായി നടത്തുന്നുണ്ട്. സംസ്കൃത സർവകലാശാലയിൽ ഷിജുഖാൻ അപേക്ഷകനായിരുന്നെങ്കിലും സ്പീക്കർ എം.ബി. രാജേഷിെൻറ ഭാര്യ നിനിതാ കണിച്ചേരിക്ക് നിയമനം നൽകിയതോടെ ഷിജുഖാൻ തഴയപ്പെട്ടിരുന്നു.
പോസ്റ്റ് ഡോക്ടറൽ ഫെലോക്ക് അസി. പ്രഫസർ നിയമന ഇൻറർവ്യൂവിൽ മുൻഗണന ലഭിക്കുമെന്നത് കണക്കിലെടുത്തതാണ് ഷിജുഖാന് ജോയിൻ ചെയ്യാനുള്ള സമയം ആറുമാസം നീട്ടിനൽകിയതെന്നാണ് ആരോപണം.
ഇതുവരെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് പ്രവേശിക്കാൻ ആർക്കും സമയം നീട്ടി നൽകിയിട്ടില്ലെന്ന് രജിസ്ട്രാർ, സിൻഡിക്കേറ്റിന് നൽകിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നെങ്കിലും അത് സിൻഡിക്കേറ്റ് അവഗണിക്കുകയായിരുന്നു. നിയമനത്തിന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കുമേൽ സമ്മർദമുള്ളതായും ആക്ഷേപമുണ്ട്.
അമ്മയിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒത്താശ ചെയ്തതായി ആരോപണ വിധേയനാകുകയും അനധികൃത പി.ഡി.എഫ് നേടുകയും ചെയ്ത ഷിജുഖാന് പുതിയ ലാവണമൊരുക്കാൻ അസിസ്റ്റൻറ് പ്രഫസർ നിയമനം നൽകരുതെന്നും ഉയർന്ന യോഗ്യതകളും മെറിറ്റുമുള്ളവർക്ക് മാത്രമേ നിയമനം നൽകാവൂ എന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകിയിട്ടുണ്ട്. അനധികൃത പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.