കാസർഗോഡ്: വന്ദേഭാരത് ട്രെയിൻ ആരുടെയും കുടുംബ സ്വത്തല്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കേരളത്തിന് അര്‍ഹതപ്പെട്ട ട്രെയിനാണ് വന്ദേഭാരത്. കേരളത്തിനു പത്ത് വന്ദേഭാരത് ട്രെയിനു അര്‍ഹതയുണ്ടെന്നും കാസര്‍ഗോട്ട് വന്ദേഭാരത് ട്രെയിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരന് വേദിയിലിരിക്കെയാണ് ഉണ്ണിത്താന്റെ പരാമർശം. എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ടെന്നും കേരളത്തിന് അര്‍ഹമായതെല്ലാം കിട്ടുമെന്നും മുരളീധരന് മറുപടി നല്കി. 400 വന്ദേഭാരതുകളില്‍ പത്തല്ല, അതില്‍ കൂടുതല്‍ കേരളത്തിന് കിട്ടുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനെ ചൊല്ലി തർക്കം. പ്രസംഗിക്കാൻ അവസരം ലഭിച്ചില്ലെന്നാരോപിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ ഇറങ്ങിപ്പോയി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, മുനിസിപ്പല്‍ ചെയര്മാന് മുനീര്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
കാസർഗോഡ്-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനുൾപ്പെടെ ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. കാസർഗോഡ് ഉൾപ്പെടെ രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേകം ഒരുക്കിയ വേദികളിലിരുന്ന് രാഷ്ട്രീയ നേതാക്കളും റെയിൽവേ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കാളികളായി. കാസർഗോഡ് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.