കൊച്ചി: അഴിമതിയാരോപണങ്ങൾക്ക് വഴിയൊരുക്കുന്നതായി ഹൈകോടതി വിലയിരുത്തിയ നിയമനങ്ങൾ സംബന്ധിച്ച് സഹകരണ സംഘം നിയമ പരിഷ്കരണ ഭേദഗതി കരട് ബില്ലിൽ മൗനം. അറ്റൻഡർ, സെയിൽസ്മാൻ, വാച്ച്മാൻ, സ്വീപ്പർ തസ്തികകളിലെ നിയമനങ്ങളിൽ സഹകരണസംഘം ഭരണസമിതികളുടെ ഇടപെടൽ സാധ്യമാക്കുന്ന നിലവിലെ സാഹചര്യം സംബന്ധിച്ചായിരുന്നു നേരത്തേ ഹൈകോടതി പരാമർശമുണ്ടായത്.
ഈ നിയമനങ്ങൾ സഹകരണ റിക്രൂട്ട്മെന്റ് ബോർഡിന് വിടുന്ന കാര്യത്തിൽ സർക്കാറിന്റെ നിലപാട് തേടുകയും അനുകൂല മറുപടി സർക്കാർ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും കരട് ബില്ലിൽ പരാമർശിക്കുന്നില്ല. 1969ലെ കേരള സഹകരണ സംഘം നിയമത്തിന്റെ സമഗ്ര പരിഷ്കരണത്തിനുള്ള ഭേദഗതി നിർദേശങ്ങളടങ്ങിയ കരട് ബിൽ മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെ ഇക്കാര്യവും ചർച്ചയാവുകയാണ്.
കേരള ബാങ്ക് ഉൾപ്പെടെയുള്ള അപെക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ നേരത്തേ പി.എസ്.സിക്ക് വിട്ടിരുന്നു. മറ്റ് സഹകരണ സ്ഥാപനങ്ങളിൽ ജൂനിയർ ക്ലർക്ക് മുതൽ ഉയർന്ന തസ്തിക നിയമനങ്ങൾ സഹകരണ റിക്രൂട്ട്മെന്റ് ബോർഡാണ് നടത്തുന്നത്.
എന്നാൽ, അറ്റൻഡർ, സെയിൽസ്മാൻ, വാച്ച്മാൻ, സ്വീപ്പർ തസ്തിക നിയമനങ്ങൾ ഇപ്പോഴും റിക്രൂട്ട്മെന്റ് ബോർഡിനുകീഴിൽ കൊണ്ടുവന്നിട്ടില്ല. കോതമംഗലം പിണ്ടിമന സഹകരണ സംഘത്തിലെ നിയമനങ്ങൾ സംബന്ധിച്ച വിഷയം പരിഗണിക്കവേയാണ് ഇക്കാര്യം ഗൗരവത്തോടെ കണ്ട് കോടതി സർക്കാറിന്റെ നിലപാട് ആരാഞ്ഞത്.
സംഘങ്ങളിൽ സംഭവിക്കുന്ന ക്രമക്കേടുകളിൽ നിയമ ഇടപെടൽ ശക്തമാക്കുമെന്ന ഭേദഗതി നിർദേശം കരട് ബില്ലിലുണ്ട്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഘട്ടത്തിൽതന്നെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള ഇടപെടലുകൾ സാധ്യമാക്കാനും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ സർക്കാറിന് നടപടിയെടുക്കാനും അധികാരം നൽകുന്ന ഭേദഗതി നിർദേശങ്ങളുമുണ്ട്.
കൺകറന്റ്, വാർഷിക ഓഡിറ്റുകൾക്ക് ഓഡിറ്റ് സംഘം, ഒരു സംഘത്തിന്റെ ഓഡിറ്ററായി ഒരാൾതന്നെ ദീർഘകാലം തുടരുന്ന രീതിയിൽ മാറ്റം, രണ്ട് തവണയിലധികം ഭരണസമിതി അംഗമായി തുടരുന്നത് തടയൽ തുടങ്ങി വിപുലമായ നിർദേശങ്ങളടങ്ങുന്നതാണ് കരട് ബില്ലെങ്കിലും അഴിമതിക്ക് തുടക്കം കുറിക്കുന്ന നിയമന രീതിയിൽ ഇടപെടാതെ ഒളിച്ചുകളിക്കുകയാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.