മലപ്പുറം: വ്യാജ സൗന്ദര്യവര്‍ധക ഉല്പന്നങ്ങള് ഉപയോഗിച്ചത് മൂലം വൃക്ക തകരാറിലായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ജില്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം. ജില്ലയിൽ ചര്‍മം വെളുപ്പിക്കാൻ ക്രീമുകള്‍ ഉപയോഗിച്ച 11 പേര്‍ക്ക് നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ഇവരുടെ വൃക്കകളും തകരാറിലായിരുന്നു. ഇതില്‍ ഗുരുതരാവസ്ഥയിലായിരുന്ന 14കാരി തുടര്‍ച്ചയായി ഒരു ലേപനം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ വിഭാഗം മേധാവി കണ്ടെത്തിയിരുന്നു. ചില ക്രീമുകളില്‍ രസവും കറുത്തീയവും ഉള്‍പ്പെടെയുള്ള ലോഹമൂലകങ്ങള്‍ അമിതമായി അടങ്ങിയിട്ടുണ്ടെന്ന് കോട്ടക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികള്‍ റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. പാകിസ്താൻ, മലേഷ്യ എന്നിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ലേപനങ്ങളാണ് ഇവയെന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതി യോഗത്തിലും വിഷയം ചർച്ചയായി. ടി.വി. ഇബ്രാഹീം എം.എൽ.എയാണ് അനധികൃതമായി വൻതോതില്‍ വിറ്റഴിക്കുന്ന ഫെയർനസ് ക്രീമുകൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നം ഉന്നയിച്ചത്. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ജില്ല മെഡിക്കൽ ഓഫിസറും ഡ്രഗ്സ് കൺട്രോൾ വിഭാഗവും യോഗത്തെ അറിയിച്ചിരുന്നു.
വിപണിയില്‍ വരുന്ന ഇത്തരം ക്രീമുകള്‍ക്ക് കൃത്യമായ നിര്‍മാണ മേല്‍വിലാസമോ ഗുണനിലവാരമോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നുണ്ടെന്നും ഒട്ടേറെ വ്യാജ പാക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ജില്ല ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.