ആലുവ: ഉളിയന്നൂര്‍-കുഞ്ഞുണ്ണിക്കര മേഖലയില്‍ കോവിഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ദ്വീപ് നിവാസികളുടെ ആശങ്കകൂടി. രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടും അധികൃതരും ജനങ്ങളിൽ ചിലരും അലംഭാവത്തിലാണെന്നത് നാട്ടുകാരുടെ ഭീതി ഉയർത്തുന്നു. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇപ്പോഴും പലഭാഗത്തും കൂട്ടംകൂടുന്നത് സമൂഹവ്യാപനത്തോത് കൂട്ടുമെന്നാണ് നാട്ടുകാർ ഭയക്കുന്നത്.
ഞായറാഴ്ച സ്ഥിരീകരണം വന്നവരില്‍ ഒരാള്‍ ഉളിയന്നൂരും മറ്റൊരാള്‍ കുഞ്ഞുണ്ണിക്കരയിലുമാണ്. രണ്ടുപേരും മാര്‍ക്കറ്റില്‍ ഓട്ടോ ഓടിക്കുന്നവരാണ്. ആദ്യത്തെ കൊറോണ സ്ഥിരീകരണം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും മുന്കരുതലെല്ലാം ഉപേക്ഷിച്ച മട്ടിലായിരുന്നു ചിലർ. ഇത് കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമോയെന്ന ഭയം ദ്വീപ് നിവാസികള്‍ക്കുണ്ട്.
ദ്വീപില്‍ വ്യാപക പരിശോധന നടത്തി കൂടുതല്‍ പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തണമെന്ന് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടു.
ആലങ്ങാടും കരുമാല്ലൂരിലും അതിജാഗ്രത
കരുമാല്ലൂർ: ആലങ്ങാട്, കരുമാല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അതിജാഗ്രത. ആലങ്ങാട് പഞ്ചായത്തിലെ ഏഴാംവാർഡിലാണ് ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 38കാരന് രോഗം സ്ഥിരീകരിച്ചതോടെ വാർഡ് കെണ്ടയ്ൻമെൻറ് സോണായി കലക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാർഡിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചു. പ്രദേശത്തെ മുഴുവൻ കടകളും സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്തു.
ഇതിനുശേഷമാണ് കരുമാല്ലൂർ പഞ്ചായത്തിലെ 54 കാരനായ ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആലുവ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി തന്നെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. മൂന്ന് ദിവസമായി ഇയാൾ വീട്ടിൽ തന്നെ നിരീക്ഷണത്തിലായിരുന്നു. പഞ്ചായത്തിലെ നാലാം വാർഡ് സ്വദേശിയാണ്. റൂട്ട് മാപ്പിെൻറ അടിസ്ഥാനത്തിൽ കടകളും സഹകരണ ബാങ്കും അടപ്പിച്ചു.
നാലാം വാർഡ് കണ്ടെയ്ൻമെൻറ് സോണാക്കി കലക്ടർ ഉത്തരവിട്ടു. വാർഡിലേക്കുള്ള എല്ലാ വഴികളും പൊലീസും പഞ്ചായത്ത് അധികൃതരും ചേർന്ന് അടച്ചു. ഇയാൾ നേരിട്ട് സമ്പർക്കം പുലർത്തിയ 18 വ്യക്തികളെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. വാർഡിെൻറ പടിഞ്ഞാറ് ഭാഗത്തുള്ള മനക്കപ്പടിയിലെ പലചരക്ക് കട ഒഴികെയുള്ള കടകൾ അടപ്പിച്ചു. നാലാം വാർഡിലെ കുടുംബങ്ങൾക്ക് അവശ്യസർവിസിനായി സന്നദ്ധ സംഘം പ്രവർത്തകരെ ചുമതലപ്പെടുത്തി. പ്രദേശത്ത് പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തി.
കോവിഡ് സമ്പർക്ക പ്രതിസന്ധി തരണം ചെയ്യാൻ ഞായറാഴ്ച കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ ഞായറാഴ്ച ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവർത്തനം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.