കോവിഡ്​: മരണപട്ടികയിൽ ഉൾപ്പെടാതെ പതിനായിരത്തോളം അപേക്ഷകൾ​

തി​രു​വ​ന​ന്ത​പു​രം: ആശുപത്രികളിൽനിന്ന്​ കോവിഡ്​ മരണ സർട്ടിഫിക്കറ്റ്​ കിട്ടാൻ വൈകുന്നതും സങ്കീർണ നടപടിക്രമങ്ങളും സംസ്ഥാനത്ത്​ കോവിഡ്​ മരണങ്ങളുടെ നഷ്​ടപരിഹാരം വൈകാൻ കാരണമാകുന്നു. ഇരുപതിനായിരത്തോളം പേരാണ്​ ഇനിയും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാനുള്ളത്​. മരണപട്ടികയിൽ ഉൾപ്പെടുത്താൻ പതിനായിരത്തോളം അപേക്ഷകൾ​ ബാക്കിയുണ്ട്​.


കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ കുടുംബത്തിന്​ നഷ്ടപരിഹാരം ലഭിക്കാൻ റവന്യൂ വകുപ്പിൽ അപേക്ഷ നൽകണമെങ്കിൽ ആദ്യം ആരോഗ്യവകുപ്പിൽനിന്നുളള രേഖകൾ വേണം. ഔദ്യോഗിക പട്ടികയിൽ ഇല്ലെങ്കിൽ അപ്പീൽ നൽകി കോവിഡ്​ മരണമെന്ന്​ സ്ഥിരീകരിച്ച സർട്ടിഫിക്കറ്റ്​ വേണം. അതിനു ചികിത്സകേന്ദ്രങ്ങളിൽനിന്ന്​ കോവിഡ്​ മരണമെന്നുള്ള മരണ​ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്​ ലഭിക്കണം. അതിന്​ മുഴുവൻ രേഖകളും നൽകി അപേക്ഷ സമർപ്പിക്കണം. പരമാവധി എളുപ്പമാക്കാനാണ്​ ഓൺലൈൻ സംവിധാനം കൊണ്ടുവന്നതെങ്കിലും കോവിഡ്​ മരണനഷ്ടപരിഹാരത്തിന്​ അപേക്ഷിക്കാനുള്ള നടപടിക്രമം ഇപ്പോഴും സങ്കീർണമാണ്​. ഇതുമൂലം നൂറുകണക്കിന്​ അപേക്ഷകളാണ്​ തീർപ്പ്​ കാത്ത്​ കിടക്കുന്നത്​.

മെഡിക്കൽ കോളജുകളിലുൾ​പ്പെടെ ജീവനക്കാരുടെ കുറവും അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണമാകുന്നു. ആദ്യതരംഗത്തിൽ കോവിഡ്​ മരണക്കണക്കിൽ ഉൾപ്പെടാത്തവരുടെ ചികിത്സരേഖകൾ പലതും കാണാതെപോയതും പലരെയും വലക്കുന്നു.

അധികജീവനക്കാരെ ഉപയോഗിച്ച്​ പരമാവധിവേഗത്തിൽ അപ്പീൽ അപേക്ഷകളിൽ തീർപ്പ്​​ കൽപ്പിക്കുമെന്നാണ്​ ജില്ല മെഡിക്കൽ ഓഫിസർമാർ അറിയിക്കുന്നത്​. കോടതി വിമർശനം കടുത്തതോടെ ലഭിച്ച അപേക്ഷകളിൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്​ റവന്യൂ വകുപ്പ്​ വേഗത്തിലാക്കി. 23,500 ഓളം പേർക്ക്​ നഷ്ടപരിഹാരം കിട്ടി. ലഭിച്ചവയിൽ 4100 ഓളം അപേക്ഷകളിലാണ്​ ഇനി നഷ്ടപരിഹാരം നൽകാനുള്ളത്. എന്നാൽ, ഔദ്യോഗിക മരണസംഖ്യ 51,500 കടന്നതോടെ റവന്യൂ വകുപ്പിന്​ മുന്നിലെത്തിയത്​ 31,000 അപേക്ഷകൾ മാത്രമാണ്​. അതായത്​ 20,000 ത്തോളം അപേക്ഷകൾ ഇനിയും വരാനുണ്ട്​. ആരോഗ്യവകുപ്പ്​ പ്രാഥ​മിക നടപടികൾ തീർത്താലേ ശേഷിക്കുന്ന അപേക്ഷകൾ റവന്യൂ വകുപ്പിലെത്തൂ.


Tags:    
News Summary - Kovid: Tens of thousands of applications not included in the death list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.