സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം; ഡെൽറ്റയും ഒമിക്രോണും വ്യാപനത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്‍റെ മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ അതിതീ​വ്രമാണ്. ​ഡെൽറ്റയും ഒമിക്രോണുമാണ് വ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ അഞ്ചുമുതൽ ആറ് ഇരട്ടി വരെ ഒമിക്രോണിന് വ്യാപനമുണ്ട്. ഡെൽറ്റയേക്കാൾ തീവ്രമല്ല ഒമിക്രോൺ. എന്നാൽ ഒമിക്രോണിനെ അവഗണിക്കാൻ കഴിയില്ല. പോസ്റ്റ് കോവിഡ് രോഗങ്ങൾ ഒമിക്രോണിലും കാണാൻ സാധിക്കും.

ഡെൽറ്റയിൽ മണവും രുചിയും പോകുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഒമിക്രോണിൽ 17 ശതമാനം പേർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ കണ്ടത്. അതിനാൽ ജലദോഷം ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഒമി​ക്രോൺ നാച്വറൽ വാക്സിനാണെന്ന് പ്രചാരണം നടക്കുന്നു. ഇത് അടിസ്ഥാന രഹിതമാണ്. ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

രോഗികളുടെ എണ്ണം കൂടുമ്പോൾ ആശുപത്രികൾ ആവശ്യമായി വരുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകും. എൻ 95 മാസ്ക് അല്ലെങ്കിൽ ഇരട്ട മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. വാക്സിൻ സ്വീകരിക്കണം. വായു സഞ്ചാരമുള്ള മുറികളിൽ ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

സ്വകാര്യ/സർക്കാർ സ്ഥാപനങ്ങൾ ക്ലസ്ററുകൾ രൂപപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ പൊതുജനങ്ങളുമായി ഇടപെടുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. അനാവശ്യമായ ആശുപത്രി സന്ദർശനം പൊതുജനങ്ങൾ ഒഴിവാക്കണം. ഇ സഞ്ജീവനി വഴി ടെലി മെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികളിൽ രോഗിക്കൊപ്പം ഒരാൾ മാത്രം നിൽക്കണം. ആരോഗ്യപ്രവർത്തകർ ബൂസ്റ്റർ ഡോസ് എത്രയും വേഗം സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - covid third wave in kerala veena george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.