തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വൈസ്ചാൻസലർ സമർപ്പിച്ച പാനലിൽ ഉൾപ്പെടാത്ത രണ്ടുപേരെ ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്തത് വിവാദമായി. ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് രംഗത്തുവരുകയും ചെയ്തു. ആര്‍.എസ്.എസ് സമ്മർദത്തിന് വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള 13 പേരെയും നാല് വിദ്യാർഥിപ്രതിഭകളെയുമാണ് ഗവർണർ നാമനിർദേശം ചെയ്തത്. ഇതിൽ എഴുത്തുകാരൻ, ശാസ്ത്രജ്ഞൻ എന്നീ മണ്ഡലങ്ങളിലേക്ക് വൈസ്ചാൻസലർ സമർപ്പിച്ച പാനലിൽനിന്നുള്ളവരെ ഒഴിവാക്കി പുറത്തുനിന്നുള്ള രണ്ടുപേരെ ഗവർണർ നാമനിർദേശം െചയ്യുകയായിരുന്നു. എഴുത്തുകാരെൻറ വിഭാഗത്തിൽ എം. ഷിജുഖാൻ, വിനോദ് വൈശാഖി എന്നിവരുടെ പേരായിരുന്നു വൈസ്ചാൻസലർ സമർപ്പിച്ച പാനലിലുണ്ടായിരുന്നത്. ഇത് പരിഗണിക്കാതെ സർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിലെ അധ്യാപകൻ പ്രഫ. എ.എം. ഉണ്ണികൃഷ്ണനെയാണ് നാമനിർദേശം ചെയ്തത്.
ശാസ്ത്രജ്ഞരുടെ മണ്ഡലത്തിൽ നിന്ന് വി.എസ്.എസ്.സി സയൻറിസ്റ്റ് ഡോ. സുരാജ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. രാജീവ് കെ. സുകുമാരൻ എന്നിവരുടെ പേരാണ് വി.സിയുടെ പാനലിൽ ഉണ്ടായിരുന്നത്. ഇതിനുപകരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ സയൻറിസ്റ്റ് ടി.വി. വിനോദ്കുമാറിനെയാണ് ഗവർണർ നാമനിർദേശം ചെയ്തത്. എഴുത്തുകാരുടെ മണ്ഡലത്തിൽ നാമനിർദേശം ചെയ്ത എ.എം. ഉണ്ണികൃഷ്ണനെ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്തും പാനലിന് പുറത്തുനിന്ന് ഗവർണർ നാമനിർദേശം ചെയ്തിരുന്നു.
വൈസ് ചാൻസലർ സമർപ്പിക്കുന്ന പാനലില്‍നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കമാണ് നിലവിലുള്ളതെന്നും ഇതിന് പുറത്ത് നിന്നുള്ളവരെ ആര്‍.എസ്.എസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് ഗവര്‍ണർ നാമനിർദേശം ചെയ്തതെന്നും സി.പി.എം സെക്രേട്ടറിയറ്റ് ആരോപിച്ചു. പാനലില്‍നിന്ന് മതന്യൂനപക്ഷവിഭാഗത്തില്‍ നിന്നുള്ളവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള രണ്ട് പേരുകള്‍ കൂട്ടിച്ചേര്‍ത്തത് വിചിത്രമായ നടപടിയാണ്. ഗവര്‍ണറുടെ പദവിക്ക് മങ്ങലേല്‍പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.