കള്ളവോട്ടിന് അരങ്ങൊരുക്കിയത് സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർ -ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്ത് കള്ളവോട്ടിന് അരങ്ങൊരുക്കിയത് സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലു ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടികയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാനുള്ള ഈ നീക്കം കേരള ചരിത്രത്തിൽ ആദ്യമാണ്. തെളിവുകൾ സഹിതം നൽകിയ ഇരട്ട വോട്ടുകളുടെയും, വ്യാജ വോട്ടർമാരുടെയും പട്ടിക പരിശോധിക്കാൻ തയാറായ തിരഞ്ഞെടുപ്പു കമീഷനെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയെയും അഭിനന്ദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഒരു നിയോജക മണ്ഡലത്തിൽ ഒരു ബൂത്തിൽ അഞ്ച് പേരെ തെറ്റായി ചേർത്ത ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വോട്ടർമാരെ ഇത്തരത്തിൽ ചേർത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവരുടെ പേരിൽ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണം.

നാലു ലക്ഷം വ്യാജ വോട്ടുകളാണ് പ്രതിപക്ഷം ഇതുവരെ കണ്ടെത്തിയത്. കേരളത്തിൽ രണ്ട് മുന്നണികൾ തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷമോ രണ്ടു ലക്ഷമോ മാത്രമാണ് എന്നിരിക്കെയാണ് നാലുലക്ഷത്തോളം വോട്ടർമാർ വ്യാജമായി കടന്നുകയറിയത്. സി.പി.എം അതിക്രമത്തെ ഭയന്ന് ആളിരിക്കാൻ തയ്യാറാകാത്ത പല ബൂത്തുകളും കാസർകോട്, കണ്ണൂർ മേഖലകളിലുണ്ട്. അവിടെയെല്ലാം കള്ളവോട്ടുകൾ നിർബാധം നടക്കുകയാണ്. ജനവിധി അട്ടിമറിക്കാനാണ് ബോധപൂർവം വ്യാജ വോട്ടുകൾ സൃഷ്ടിച്ചത്.

വോട്ടര്‍ പട്ടികയില്‍ നേരത്തെ ചൂണ്ടിക്കാണിച്ച ശൈലിയിലുള്ള കൃത്രിമത്തിന് പുറമേ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെ പറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. ഈ രീതിയില്‍ മറ്റു മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജ വോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    
News Summary - CPM-affiliated officials set the stage for bogus voting - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.