തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഇടപെടാന്‍ പാടില്ലെന്ന് നിരവധി സുപ്രീംകോടതിവിധികള് നിലവിലുണ്ട്.
ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട തെരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിച്ചത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്ന നടപടിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച നടപടി തെരഞ്ഞെടുപ്പ് കമീഷന് പിന്‍വലിക്കണമെന്നും നിയമസഭയുടെയും അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സി.പി.എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
2016ല്‍ അസംബ്ലി തെരഞ്ഞെടുപ്പിെൻറ വിജ്ഞാപനം വന്ന ശേഷമാണ് മൂന്ന് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടിഫിക്കേഷന്‍ പുറത്തിറക്കി. മാര്‍ച്ച് 31ന് മൂന്ന് മണി വരെ നോമിനേഷന് സമര്‍പ്പിക്കാമെന്ന് റിട്ടേണിങ് ഓഫിസര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ് നടത്തുകയെന്ന് റിട്ടേണിങ് ഓഫിസര്‍ ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോയ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ച നടപടി ദുരൂഹമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
രാജ്യസഭ തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ ശേഷം നിർത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.