കൊച്ചി: നവകേരള സദസ്സിനിടെ സി.പി.എം അംഗത്തിന് പാർട്ടി പ്രവർത്തകരിൽനിന്ന് മർദനമേറ്റു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പാലാത്തുരുത്തിപറമ്പ് തമ്മനം ലേബർ കോളനി റോഡ് റഈസ് അബ്ദുൽ കരീമിനാണ് മർദനമേറ്റത്. സ്വന്തം പാർട്ടി പ്രവർത്തകരിൽ നിന്നാണ് മർദനമേറ്റതെന്നും അതിനാൽ ഇനി പാർട്ടിയിൽ തുടരില്ലെന്നും റഈസ് മാധ്യമങ്ങളോട് പറഞ്ഞു. നവകേരള സദസ്സിൽ പ്രതിഷേധിക്കാനെത്തിയ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രവർത്തകർക്ക് ഒപ്പമുള്ളയാളാണെന്ന് കരുതി റഈസിനെ ആളുമാറി മർദിച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം.
എറണാകുളം നിയോജക മണ്ഡലംതല നവകേരള സദസ്സ് വെള്ളിയാഴ്ച വൈകീട്ട് മറൈൻഡ്രൈവിലായിരുന്നു നടന്നത്. ഇതിനിടെ ലഘുലേഖ വിതരണവുമായി ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രവർത്തകരെത്തി പ്രതിഷേധിച്ചിരുന്നു. അവിടെവെച്ച് ഇവർ മർദനത്തിനിരയായി. തങ്ങളെ മർദിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് അവർ ആരോപിച്ചിരുന്നു.
ഈ സമയത്ത് തന്നെയാണ് റഈസിനും മർദനമേറ്റത്. ഡി.എസ്.എക്കാരുടെ അടുത്തിരുന്നുവെന്നതിനാലാണ് തന്നെ മർദിച്ചതെന്ന് റഈസ് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു. സദസ്സിൽ ഇരിക്കുന്നതിനിടെ അഞ്ചോളംപേർ ആദ്യമെത്തി മൊബൈൽ വാങ്ങി പരിശോധിച്ചു. ശേഷം ഇവിടെവെച്ചും പുറത്തേക്ക് ഇറക്കിയും മർദിക്കുകയായിരുന്നു. പുറത്ത് ആളുകൾ കൂട്ടമായെത്തി വളഞ്ഞുവെച്ചായിരുന്നു അക്രമം. 15 മിനിറ്റോളം മർദനം തുടർന്നു. ഇതിനിടെ നിലത്ത് വീണപ്പോൾ താഴെയിട്ട് ചവിട്ടി. കണ്ടുനിന്നവർപോലും തന്നെ മർദിക്കാനെത്തി. അതിനാൽ ഇനി ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ താൽപര്യമില്ല.
ഇക്കാര്യം അറിയിക്കേണ്ടവരെ അറിയിക്കുമെന്നും റഈസ് പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് റഈസ്. മർദനത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് സി.പി.എം ജില്ല നേതൃത്വം വ്യക്തമാക്കി.
അതേസമയം നവകേരള സദസ്സിൽ പ്രതിഷേധത്തിനെത്തി മർദനമേറ്റ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റിജാസ് എം. സിദ്ദീഖ്, മുഹമ്മദ് ഹനീൻ എന്നിവർ ചികിത്സയിലാണ്. മർദനമേറ്റതിന് പിന്നാലെ ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. വേദിക്കരികിലേക്ക് പ്ലക്കാർഡുമായി എത്തിയ ഇവരെ ഒരുസംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതി. ഇരുവർക്കും പിന്നീട് ജാമ്യം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.