കോഴിക്കോട് മേയറെ നീക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്; ഡോ. എസ്. ജയശ്രീയെ പരിഗണിക്കണം

കോഴിക്കോട്: ആർ.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റിയിലേക്ക് ശിപാർശ ചെയ്യാനും കഴിഞ്ഞദിവസം ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

സംഘ്പരിവാർ സംഘടനയുടെ ചടങ്ങിൽ പങ്കെടുക്കുകയും പിന്നീട് ന്യായീകരിക്കുകയും ചെയ്ത ബീന ഫിലിപ്പിന്‍റെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എം.പിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് മേയർക്കെതിരെ കടുത്ത നടപടിക്ക് ശിപാർശ ചെയ്തത്.

കോട്ടൂളി വാർഡിൽനിന്നുള്ള കൗൺസിലറും നിലവിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സനുമായ ഡോ. എസ്. ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടേറിയറ്റിന്‍റെ നിർദേശം. ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ജയശ്രീയെ മേയറാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകരുടെയടക്കം പ്രതീക്ഷ. എന്നാൽ, ബീന ഫിലിപ്പിനായിരുന്നു നറുക്കുവീണത്.

മേയർക്കെതിരെ മുമ്പ് വിമർശനമുയർന്നതും യോഗത്തിൽ ചർച്ചയായി. ഈ നിലയിൽ മുന്നോട്ടുപോയാൽ ബീന ഫിലിപ് പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയർക്ക് പാർട്ടി ബോധം കുറവാണെന്നും അഭിപ്രായമുയർന്നു.

മേയർ പോലുള്ള വലിയ പദവിയിൽനിന്ന് നീക്കുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. പിന്നീട് ജില്ല സെക്രട്ടേറിയറ്റിന് നിർദേശം നൽകും. സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെ മേയർക്കെതിരെ നടപടിയില്ലെങ്കിൽ സി.പി.എമ്മിന്‍റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾ ചോദ്യംചെയ്യപ്പെടും. മേയറെ പദവിയിൽനിന്ന് നീക്കിയാൽ ബി.ജെ.പിയടക്കം സംഘ്പരിവാർ നടത്താനിടയുള്ള പ്രചാരണങ്ങളും പാർട്ടി മുന്നിൽ കാണുന്നുണ്ട്.

കഴിഞ്ഞദിവസം ബീന ഫിലിപ്പിനെ പാർട്ടി നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ബാലഗോകുലത്തിന്‍റെ പരിപാടിയുള്ളത് തന്‍റെ പ്രൈവറ്റ് സെക്രട്ടറിയെപ്പോലും കൃത്യമായി അറിയിക്കാത്തതിലും പാർട്ടിയിൽ അമർഷമുണ്ട്. അതേസമയം, മേയർക്കെതിരായ നടപടിയുടെ കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ അഭിപ്രായം തേടിയിട്ടില്ലെന്നും സൂചനയുണ്ട്.

Tags:    
News Summary - CPM district secretariat wants to remove Kozhikode mayor beena philip, Dr. S. Jayashree recommended as new Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.