വടകര: കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിൽ പ്രവര്ത്തകരില്നിന്നുയര്ന്ന പ്രതിഷേധം തള്ളി സി.പി.എം. മുന്നണി തീരുമാനം മാറ്റേണ്ടതില്ലെന്ന നിലപാടാണ് വ്യാഴാഴ്ച നടന്ന മണ്ഡലത്തിലെ രണ്ട് ഏരിയ കമ്മിറ്റിയോഗങ്ങളിലുണ്ടായത്. രാവിലെ കുന്നുമ്മല്‍ ഏരിയ കമ്മിറ്റിയും ഉച്ചക്കുശേഷം വടകര ഏരിയ കമ്മിറ്റിയുമാണ് ചേര്‍ന്നത്. ഇരുയോഗങ്ങളിലും നേതൃത്വത്തെ വെല്ലുവിളിച്ച് നടന്ന പ്രതിഷേധ പ്രകടനത്തെ പാടെ തള്ളി. ഇതിനുപുറമെ, മുദ്രാവാക്യങ്ങള്‍ക്കെതിരെയും വിമശനമുയര്ന്നു. പാര്‍ട്ടി സംസ്കാരത്തിന് യോജിച്ചതല്ല ഇത്തരം നടപടികളെന്നാണ് അഭിപ്രായമുയർന്നത്. പ്രതിഷേധം ഭയന്ന് പാര്‍ട്ടി തീരുമാനം തിരുത്തുന്നത് ശരിയല്ലെന്നാണ് നേതൃത്വത്തിെൻറ നിലപാട്.
ഇതിനിടെ, സി.പി.എമ്മിന് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ കുറ്റ്യാടി മണ്ഡലത്തില്‍ മത്സരിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സി.പി.എം ആവശ്യപ്പെടുകയാണെങ്കില് മണ്ഡലം വിട്ടുകൊടുക്കാനും തയാറാണെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പ്രശ്നങ്ങള്‍ വരുംദിവസങ്ങളില്‍ പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സി.പി.എം. ഞായറാഴ്ച കുറ്റ്യാടിയില്‍ പാര്‍ട്ടി കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗം നടത്താന്‍ തീരുമാനമായി. ഇതിെൻറ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് നീക്കം.
കേരള കോണ്‍ഗ്രസ് എം മണ്ഡലം സ്വമേധയാ വിട്ടുനല്‍കുന്ന സാഹചര്യമുണ്ടായാല്‍ സി.പി.എം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അങ്ങനെ, വന്നാല്‍ മുന്നണി തീരുമാനം തിരുത്തിയെന്ന പഴിയില്‍ നിന്നും സി.പി.എമ്മിന് തലയൂരാം. ഒപ്പം, മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യാം. കാര്യങ്ങള്‍ പൂര്‍ണമായും വ്യക്തമാകണമെങ്കില്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന.
കുന്നുമ്മൽ ഏരിയ കമ്മിറ്റി യോഗത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും വടകര യോഗത്തില്‍ ജില്ല സെക്രട്ടറി പി. മോഹനനും കാര്യങ്ങള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.