കായംകുളം: കായംകുളം നഗരസഭയിലെ അഴിമതിക്കെതിരെ പ്രതികരിച്ച കൗൺസിലർമാരെ പുറത്താക്കിയത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സമയത്ത് തിരിഞ്ഞുകൊത്തുമെന്ന അഭിപ്രായം സി.പി.എമ്മിൽ സജീവമാകുന്നു. സി.പി.എം പാർലമെൻററി പാർട്ടി ലീഡറും ഏരിയ കമ്മിറ്റി അംഗവുമായ എസ്. കേശുനാഥ്, ലോക്കൽ കമ്മിറ്റി അംഗവും ഫ്രാക്ഷൻ ലീഡറുമായ എ. അബ്ദുൽ ജലീൽ, ബ്രാഞ്ച് സെക്രട്ടറികൂടിയായ അബ്ദുൽ മനാഫ്, റജില നാസർ, അനിത ഷാജി, സുഷമ അജയൻ തുടങ്ങിയവർക്കെതിരെ കഴിഞ്ഞദിവസം എടുത്ത നടപടിയാണ് വിവാദമാകുന്നത്.
മൂന്നുവർഷത്തെ അഴിമതി അക്കമിട്ട് നിരത്തിയ ഒാഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ തന്ത്രപരമായി പിരിച്ചുവിട്ടതിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചതാണ് നടപടിക്ക് കാരണമായത്. യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ വരെ പുറത്തുപോയിട്ടും കൗൺസിൽ ഹാളിനുള്ളിൽതന്നെയിരുന്ന ഇവരുടെ പ്രതിഷേധം ശ്രദ്ധ നേടിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കൗൺസിലർമാരെ മാപ്പുസാക്ഷിയാക്കിയാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്.
അതേസമയം, പാർലമെൻററി പാർട്ടികൂടി വിഷയത്തിൽ നിലപാട് സ്വീകരിക്കാതിരുന്നതാണ് ഹാളിൽ ഇരിക്കാൻ കാരണമായതെന്നതായിരുന്നു ഇവരുടെ വിശദീകരണം. പാർലമെൻററി പാർട്ടി ലീഡറെ വരെ നോക്കുകുത്തിയാക്കിയ സ്ഥിതിയാണെന്ന ആക്ഷേപവും ഉന്നയിച്ചിരുന്നു. സി.പി.എമ്മിെൻറ പ്രതിച്ഛായ തകർക്കുന്ന അഴിമതികളാണ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. ഭരണവീഴ്ചകൾക്കെതിരെ കേശുനാഥ്, ജലീൽ, മനാഫ് എന്നിവർ കൗൺസിലിൽ പരസ്യമായ പ്രതികരണവും നടത്തി.
കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ എൻജിനീയർ വിജിലൻസ് പിടിയിലായ വിഷയം കൗൺസിലിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തെ ചൊല്ലി ജലീലും ചെയർമാനായ സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസനും തമ്മിൽ പരസ്യ വാദപ്രതിവാദം നടന്നതും ഒൗദ്യോഗികപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.
കോടികളുടെ അഴിമതി ആരോപണമുയർന്ന സ്വകാര്യബസ് സ്റ്റാൻഡ് വിഷയത്തിൽ ഇവർ സ്വീകരിച്ച നിലപാടും നടപടിക്ക് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രബല വിഭാഗത്തിെൻറ എതിർപ്പിനെ അവഗണിച്ചുള്ള നടപടിയിൽ ജില്ല കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും നിലപാട് പ്രവർത്തകർ ഉറ്റുനോക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് അനാവശ്യ വിവാദമുണ്ടാക്കി വിഭാഗീയത രൂക്ഷമാക്കിയതിലും പാർട്ടിക്കുള്ളിൽ അസംതൃപ്തി പുകയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.