കോഴിക്കോട്: സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ തള്ളി സി.പി.എം. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നും സി.പി.എം വ്യക്തമാക്കി. മേയറുടെ സമീപനം സി.പി.എം എല്ലാ കാലത്തും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് പാർട്ടിക്ക് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുകതാണെന്നും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതാണ് വിവാദമായത്. ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രവും പുറത്ത് വന്നതോടെയാണ് പരിപാടി വിവാദത്തിലായത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.
ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും അമ്മമാരുടെ പരിപാടിയെന്ന നിലയിലാണ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതത് എന്നുമായിരുന്നു മേയറുടെ വിശദീകരണം. ബി.ജെ.പിയുടെ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെന്നും മേയർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് രംഗത്തു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.