കണ്ണൂർ: രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ശ്രീഎമ്മിെൻറ കാർമികത്വത്തിൽ രൂപപ്പെട്ട സി.പി.എം-ആർ.എസ്.എസ് 'ഹോട്ട്ലൈൻ ബന്ധം' കണ്ണൂരിൽ പ്രാദേശിക തലത്തിലും. മുഖ്യമന്ത്രി പിണറായി വിജയനും ആർ.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗോപാലൻ കുട്ടിയും തമ്മിൽ നടന്ന കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് ജില്ലയിൽ സി.പി.എം-ആർ.എസ്.എസ് നേതാക്കൾ നേരിട്ട് സംസാരിക്കുന്ന സംവിധാനം നിലവിൽവന്നത്.
പിണറായി വിജയനും ഗോപാലൻ കുട്ടിയും ഉൾപ്പെടെ കണ്ണൂരിൽ നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചായിരുന്നു അത്. അന്നത്തെ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കാളിയായി. ജില്ല, പ്രാദേശിക തലത്തിൽ ഇതിനായി പ്രത്യേകം നേതാക്കളെ സി.പി.എമ്മും ആർ.എസ്.എസും ചുമതലപ്പെടുത്തി. രാഷ്ട്രീയ സംഘർഷം പതിവായ മേഖലകളിൽ സി.പി.എം ഏരിയ നേതൃത്വത്തിൽ ഒരാളെയും ആർ.എസ്.എസ് ഖണ്ഡ് (താലൂക്ക്) തലത്തിൽ ഒരാളെയുമാണ് നിയോഗിച്ചത്.
പ്രാദേശിക വിഷയങ്ങൾ രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുന്ന ഘട്ടങ്ങളിൽ ഇവർ പരസ്പരം ഫോണിൽ ബന്ധപ്പെടും. സ്വന്തം പ്രവർത്തകരെ അനുനയിപ്പിച്ച് സംഘർഷം ഒഴിവാക്കാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്നാണ് ധാരണ. ഏതാനും വർഷങ്ങളായി ഈ സംവിധാനം ഫലം ചെയ്തതായാണ് കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിെൻറ കണക്ക് കാണിക്കുന്നത്. സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ ഒടുവിൽ നടന്ന കൊലപാതകം 2018 മേയ് ഏഴിനാണ്. അന്ന് സി.പി.എമ്മിലെ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ടതിന് തിരിച്ചടിയായി ആർ.എസ്.എസുകാരൻ ഷമീജ് കൊല്ലപ്പെട്ടു.
ശേഷം സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ ആർക്കും കണ്ണൂരിൽ ജീവൻ നഷ്ടമായിട്ടില്ല. ജില്ലയിൽ പലഭാഗങ്ങളിലും സി.പി.എം-ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ പലകുറി ഉണ്ടായെങ്കിലും അവ തുടർഏറ്റുമുട്ടലിലേക്കോ കൊലപാതക ആസൂത്രണത്തിലേക്കോ നീങ്ങിയില്ല. ജില്ലയിലെ പൊലീസ് അധികാരികളും ഇക്കാര്യം ശരിവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.