തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് സി.പി.എം. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ച ചെയ്തു. ആറു മാസത്തിനകം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഗൗരവത്തിലെടുക്കാനാണ് തീരുമാനം. ഏക സിവിൽ കോഡ് വിഷയത്തിൽ കോഴിക്കോട്ട് നടത്തിയ സെമിനാർ ലക്ഷ്യം കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത യോഗം വിലയിരുത്തി.
സമസ്ത, കെ.എൻ.എം ഉൾപ്പെടെ മുസ്ലിം സംഘടനകളുടെ പ്രാതിനിധ്യം ആ വിഭാഗങ്ങളിലേക്ക് പാർട്ടിക്ക് പുതിയ സാധ്യതകൾ തുറക്കുന്നതാണെന്നും യോഗം വിലയിരുത്തി. തുടർപരിപാടിയായ ജില്ല തലങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ കോഴിക്കോട്ട് പങ്കെടുത്ത സംഘടനകളുടെ പ്രാദേശിക സാന്നിധ്യമുറപ്പാക്കാനും തീരുമാനമായി. പാർട്ടി നേതൃത്വവുമായി വിട്ടുനിൽക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തു.
അര നൂറ്റാണ്ടിലേറെയായി ഉമ്മൻ ചാണ്ടി വിജയിച്ചുപോരുന്ന കോൺഗ്രസ് കുത്തക സീറ്റ് പുതിയ സാഹചര്യത്തിൽ ബാലികേറാ മലയല്ല എന്നാണ് സി.പി.എം കരുതുന്നത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ യുവനേതാവ് ജെയ്ക്ക് സി. തോമസായിരുന്നു ഉമ്മൻ ചാണ്ടിയുടെ എതിരാളി. കഴിഞ്ഞ തവണ 9044 വോട്ട് മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം. അതാണ് സി.പി.എമ്മിന്‍റെ പ്രതീക്ഷയും. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന സഹതാപ തരംഗം മറികടക്കുക സി.പി.എമ്മിന് വെല്ലുവിളിയാണ്. നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത വികാരതീവ്ര യാത്രയയപ്പാണ് ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയത്.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നൊരാൾ കോൺഗ്രസ് സ്ഥാനാർഥിയായാൽ സഹതാപ തരംഗത്തിന്‍റെ ആനുകൂല്യം കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാക്കും. കോൺഗ്രസ് സ്ഥാനാർഥി ആരെന്ന് അറിഞ്ഞ ശേഷം സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കോട്ടയം ജില്ല നേതൃത്വത്തിന് നിർദേശം നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.