തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കിന്റെ ഹരജി കർണാടക ഹൈകോടതി തള്ളിയത് സി.പി.എമ്മിനും സർക്കാറിനും കടുത്ത വെല്ലുവിളി. കൈകൾ ശുദ്ധമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ സി.ബി.ഐ വന്നാലും പ്രശ്നമില്ലെന്നാണ് പാർട്ടി പറഞ്ഞിരുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം വന്നയുടൻ തടയാൻ വീണ കോടതിയെ സമീപിച്ചു. അവിടെ തിരിച്ചടി നേരിട്ടതോടെ വാദങ്ങൾ ദുർബലമായി.
മടിയിൽ കനമില്ലെങ്കിൽ എന്തിന് അന്വേഷണം ഭയക്കുന്നെന്ന പ്രതിപക്ഷ ചോദ്യത്തിനുമുന്നിൽ പരുങ്ങുകയാണ് സി.പി.എം. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ കേസിന്റെ പോക്കിൽ സി.പി.എമ്മിന് ആശങ്കയുണ്ട്. വീണയുടെ ഹരജി തള്ളിയതിനോട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചില്ല. ഞാൻ പറയേണ്ട കാര്യമല്ല, എന്നായിരുന്നു വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നിലപാട്. അന്വേഷണത്തിന് ഗൗരവം കൂടുമ്പോൾ പാർട്ടിയുടെ നിലപാട് മാറ്റത്തിന്റെ സൂചന അതിലുണ്ട്.
മാസപ്പടി വിവരം പുറത്തുവന്നപ്പോൾ വീണയുടെ കമ്പനിയുടെ വാദം വിശദീകരിച്ച് പത്രക്കുറിപ്പിറക്കിയത് സി.പി.എം സെക്രട്ടേറിയറ്റാണ്. മുതിർന്ന നേതാക്കളടക്കം നിരന്തരം പാർട്ടിയെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തി. അന്വേഷണം തടയാനാകില്ലെന്ന കോടതിയുടെ വിധിപ്പകർപ്പ് ശനിയാഴ്ച പുറത്തുവരുമ്പോൾ വീണക്കെതിരായ പരാമർശങ്ങൾക്ക് സാധ്യതയുണ്ട്. അറസ്റ്റ് ഉൾപ്പെടെ വിപുല അധികാരമുള്ള ഏജന്‍സിയാണ് എസ്.എഫ്.ഐ.ഒ. വീണയെ സമൻസ് അയച്ച് വിളിപ്പിക്കുന്നതുൾപ്പെടെ നടപടിയുണ്ടായേക്കാം.
സർക്കാറിൽ നിന്ന് അനുകൂല തീരുമാനത്തിനാണ് വീണക്ക് പണം നൽകിയതെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കണ്ടെത്തൽ. ലക്ഷ്യം പിണറായിയാണെന്ന് പാർട്ടി തന്നെ പറഞ്ഞിട്ടുള്ളതുമാണ്. അതിനാൽ, ഇനി ഒഴിഞ്ഞുമാറാൻ സി.പി.എമ്മിന് എളുപ്പമല്ല. വീണയെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് പാർട്ടിയുടെയും സർക്കാറിന്റെയും ഉത്തരം മുട്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.