തൃശൂർ: മേൽക്കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനത്തിന് വിശ്വാസ്യത കുറഞ്ഞെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. വിശ്വാസ്യത വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്.
നീതിദേവതയുടെ കണ്ണ് കെട്ടിയിരിക്കുന്നത് നീതി തേടി വരുന്നവരുടെ മുഖം നോക്കാതെ നീതി നടപ്പാക്കാനാണ്. കെട്ടഴിച്ചാൽ മുന്നിൽ കാണുന്ന മുഖം നോക്കി നീതി നടപ്പാക്കുന്ന അധികാരകേന്ദ്രീകൃത വ്യവസ്ഥ സംജാതമാകുമെന്നും അത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാർ കൗൺസിൽ സംഘടിപ്പിച്ച ഡോ. എൻ.ആർ. മാധവമേനോൻ സ്മാരക അവാർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്.
സമ്മേളനം ജസ്റ്റിസ് സൂര്യകാന്ത് ഉദ്ഘാടനം ചെയ്തു. സമ്പദ്വ്യവസ്ഥ മുന്നേറുന്നതിനനുസരിച്ച് വെല്ലുവിളി നേരിടാൻ ജുഡീഷ്യറി സജ്ജമാകണമെന്നും എൻ.ആർ. മാധവമേനോന്റെ ദർശനം നിയമരംഗത്ത് പ്രവർത്തിക്കുന്നവർ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും രാജ്യസഭാംഗവുമായ മനൻകുമാർ മിശ്ര അധ്യക്ഷത വഹിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ മുഖ്യപ്രഭാഷണം നടത്തി. ഹൈകോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അമിത് റാവൽ, ഡി.കെ. സിങ്, എൻ. നഗരേഷ്, സംസ്ഥാന അറ്റോണി എൻ. മനോജ് കുമാർ, കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത്, സെക്രട്ടറി രാജ്കുമാർ, തൃശൂർ ജില്ല സെഷൻസ് ജഡ്ജി പി.പി. സെയ്തലവി, കോഓഡിനേറ്റർ അഡ്വ. എം.ആർ. മൗനിഷ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.