ന്യൂഡൽഹി: സൗദി അറേബ്യയിലെ എണ്ണ സംസ്കരണശാലകളിലുണ്ടായ ഭീകരാക്രമണത്തെ തുടർന് ന് ആഗോള എണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ത്യയടക്കം രാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കി തി ങ്കളാഴ്ച ഏഷ്യൻ വിപണിയിൽ ഒരു ബാരൽ ബ്രെൻറ് ക്രൂഡ് ഓയിൽ വില 19.5 ശതമാനം വർധിച്ച് 71 ഡോ ളറിലെത്തി. സെപ്റ്റംബർ 13ന് 60 ഡോളറായിരുന്നു ബ്രെൻറ് ക്രൂഡ് ഓയിൽ വില. 1991നുശേഷം (ഗൾഫ് യുദ്ധം) ആഗോള എണ്ണവില ഒറ്റയടിക്ക് ഇത്രയും വർധിക്കുന്നത് ഇതാദ്യമാണ്. െവസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യു.ടി.ഐ)തിങ്കളാഴ്ച 63 ഡോളറിൽനിന്ന് 70 ഡോളറിലേക്കെത്തി. ആഗോള എണ്ണ വില നിലവാര സൂചികയാണ് ബ്രെൻറും വെസ്റ്റ് ടെക്സസും.
അന്താരാഷ്ട്ര വിലയെ ആശ്രയിച്ചാണ് ഇന്ത്യൻ വിപണിയിലെ എണ്ണവില നിശ്ചയിക്കുന്നത് എന്നതിനാൽ വിലക്കയറ്റത്തിെൻറ പ്രത്യാഘാതം ഉടൻ രാജ്യത്തുണ്ടാകും. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ഖൈക്, ഖുറൈസ് എണ്ണ സംസ്കരണ ശാലകളിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണമാണ് ഇന്ധന വില കുത്തനെ ഉയരാൻ കാരണമായത്. ആക്രമണത്തെ തുടർന്ന് എണ്ണവിലയിൽ 10-15 ശതമാനം വർധനയുണ്ടാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ കണക്കുകൂട്ടിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരോപണവും തുടർന്നുണ്ടായ സംഘർഷ സാഹചര്യവും എണ്ണവില ഉടൻ ഇടിയാൻ വഴിയൊരുക്കില്ലെന്നാണ് കരുതുന്നത്.
സാമ്പത്തിക മാന്ദ്യം കടുത്ത ഭീഷണി ഉയർത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ എണ്ണവില കയറ്റം രാജ്യത്തെ നിരവധി വ്യവസായങ്ങളെ നേരിട്ട് ബാധിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ കനത്ത തിരിച്ചടി നേരിടുന്ന വാഹന വിപണിയും അനുബന്ധ വ്യവസായങ്ങളും വീണ്ടും പ്രതിസന്ധിയിലാകും. വ്യോമയാന ഇന്ധനം, പെയിൻറ്, ടയർ, എണ്ണ, പ്രകൃതി വാതകം എന്നിവയെയും വിലവർധന തളർത്തും. എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി) എന്നീ കമ്പനികൾക്കും വിലക്കയറ്റം വൻ തിരിച്ചടിയാകും. ഈ മൂന്ന് പൊതുമേഖല കമ്പനികളുടെയും ഓഹരിവില തിങ്കളാഴ്ച മൂന്നു ശതമാനം ഇടിഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 10 ഡോളർ വർധിച്ചാൽ രാജ്യത്ത് ഡീസൽ-പെട്രോൾ വിലയിൽ ലിറ്ററിന് അഞ്ച്-ആറ് രൂപയുടെ വർധനയാണ് ഉണ്ടാകാൻ സാധ്യതയെന്ന് കോടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. ധനക്കമ്മിയിലും ഇത് കരിനിഴൽ വീഴ്ത്തും. തിങ്കളാഴ്ച ഡോളറുമായുള്ള വിനിമയത്തിൽ രൂപ 68 പൈസ കുറഞ്ഞ് 71.60 രൂപയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.