കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളൊന്നുമില്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. അതേസമയം, മർദനത്തെ തുടർന്നായിരിക്കാം മകൻ മരിച്ചതെന്ന സംശയം പ്രകടിപ്പിച്ച് പിതാവ് രംഗത്തെത്തി.
പൊറ്റമ്മലിനടുത്ത് കാട്ടുകുളങ്ങരയിൽ ആക്രിക്കടയിൽ മോഷണം നടത്തുന്നതിനിടെ കടയുടമ പിടികൂടി പൊലീസിലേൽപിച്ച തിരുനെൽവേലി സ്വദേശി സാമിനാഥനാണ് (39) ശനിയാഴ്ച മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ മരിച്ചത്. ബാഹ്യമായ മർദനങ്ങളേറ്റിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് കേസന്വേഷിക്കുന്ന നോർത്ത് ട്രാഫിക് എ.സി പി.കെ. രാജു പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻക്വസ്റ്റ് നടപടിയിലും മർദനമേറ്റ അടയാളങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരും ഇക്കാര്യംതന്നെയാണ് സൂചിപ്പിച്ചിരുന്നത്. ഇതിനിടെയാണ് മകെൻറ മരണത്തിലേക്ക് നയിച്ചത് ബന്ധുവിെൻറയോ നാട്ടുകാരുടെയോ മർദനമായിരിക്കാം എന്ന് ചൂണ്ടിക്കാട്ടി പിതാവ് ചെല്ലപ്പൻ രംഗത്തുവന്നത്. പൊലീസ് എത്തുന്നതിനുമുമ്പ് മർദനം ഏറ്റിട്ടുണ്ടാവാം എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇയാൾ കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുംശേഷം സാമിനാഥെൻറ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.