കണ്ണൂർ: ഹരിദാസൻ വധക്കേസ് പ്രതിയായ നിജിൽ ദാസിന് ഒളിത്താവളം ഒരുക്കിയ സംഭവത്തിൽ അറസ്റ്റിലായ രേഷ്മക്കെതിരെ വ്യാപക സൈബർ ആക്രമണം. രേഷ്മയുടെയും ഭർത്താവിന്‍റെയും രാഷ്ട്രീയബന്ധം സമൂഹമാധ്യങ്ങളിലടക്കം ചർച്ചയിൽ ഇടംപിടിച്ചതോടെ അറസ്റ്റ് വിവാദം കൊഴുക്കുകയാണ്. രേഷ്മയും ഭർത്താവ് പ്രശാന്തും സി.പി.എം പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ളവരാണ്. എന്നാൽ, അറസ്റ്റിനുശേഷം സി.പി.എം ഇത് അംഗീകരിക്കാത്തതോടെയാണ് ഇവരുടെ രാഷ്ട്രീയബന്ധം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായത്. ഇരുവരും ആർ.എസ്.എസ് ബന്ധമുള്ളവരാണെന്നാണ് ഇപ്പോൾ സി.പി.എം നേതൃത്വത്തിന്‍റെ വാദം. ഇക്കാര്യം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ആവർത്തിച്ചു. കുടുംബം തലമുറകളായി സി.പി.എമ്മുകാരാണെന്ന രേഷ്മയുടെ പിതാവിന്‍റെ വാദം വസ്തുതവിരുദ്ധമാണെന്നാണ് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍റെ പ്രതികരണം. ജാമ്യത്തിലിറങ്ങിയ രേഷ്മയെ സ്വീകരിച്ചത് ബി.ജെ.പി മണ്ഡലം പ്രസിഡന്‍റും തലശ്ശേരി നഗരസഭ അംഗവുമായ കെ. അജേഷാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഹായം നൽകിയതും ജാമ്യത്തിൽ ഇറക്കിയതും ബി.ജെ.പി അഭിഭാഷകനുമാണ്.
രേഷ്മ പഠനകാലം മുതലേ സജീവ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നുവെന്നും ഭർത്താവ് പ്രശാന്തും ഇടത് അനുഭാവിയാണെന്നും രേഷ്മയുടെ രക്ഷിതാക്കൾ പറഞ്ഞു. പ്രവാസിയായ പ്രശാന്ത് പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. എന്നാൽ, പ്രശാന്ത് കോവിഡ് കാലത്തടക്കം ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം. അണ്ടല്ലൂർക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് രൂപവത്കരിച്ച ട്രസ്റ്റിലെ അംഗമാണ് ഇയാൾ. ബി.ജെ.പി സംഘടിപ്പിച്ച നാമജപ ഘോഷയാത്രയിലും പ്രശാന്ത് പങ്കെടുത്തിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഇടത് അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്.
പാർട്ടി ഉന്നയിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണെന്നും ഇരുവർക്കും ആർ.എസ്.എസ്, ബി.ജെ.ബി ബന്ധം ഇതുവരെയായി ഉണ്ടായിട്ടില്ലെന്നും രേഷ്മയുടെ മാതാപിതാക്കൾ പ്രതികരിച്ചു. അറസ്റ്റിന് പിന്നാലെ രേഷ്മക്കും കുടുംബത്തിനുമെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായി തുടരുകയാണ്. രേഷ്മക്കെതിരെ സ്വഭാവഹത്യ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രങ്ങൾ എഡിറ്റ് ചെയ്തും മോർഫ് ചെയ്തും ചില വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീയാണെന്നുള്ള പരിഗണനപോലും ലഭിക്കാതെയാണ് സൈബർ ആക്രമണം നടക്കുന്നതെന്ന് രേഷ്മയുടെ അഭിഭാഷകൻ പി. പ്രേമരാജൻ. പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിക്കും വിവിധ ഏജൻസികൾക്കും ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആരായാലും സൈബർ ആക്രമണം നടത്തുന്നത് ശരിയല്ലെന്ന് എം.വി. ജയരാജനും വിഷയത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.