ക്ഷീരമേഖലയിലെ പ്രതിസന്ധി; പ്രാദേശികമായി വിൽക്കുന്ന പാൽ ലിറ്ററിന് ഇനി 50 രൂപ

കൽപറ്റ: ക്ഷീരസംഘങ്ങൾ നേരിട്ട് പ്രാദേശികമായി വിൽക്കുന്ന പാലിന്‍റെ വില ജില്ലയിൽ ലിറ്ററിന് 50 രൂപയായി വർധിപ്പിച്ചു. പുതിയ വില 11 മുതൽ പ്രാബല്യത്തിൽവരുമെന്ന് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുമ്പ് 2019ലാണ് പ്രാദേശികമായി ജനങ്ങൾക്ക് വിൽക്കുന്ന പാലിന്‍റെ വില വർധിപ്പിച്ചത്. നിലവിൽ ലിറ്ററിന് 46 രൂപയുള്ള പ്രാദേശിക വിൽപന നടത്തുന്ന പാലിന്‍റെ വിലയിലാണ് നാലു രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്.

അതേസമയം, നിലവിൽ വിപണിയിൽ ലഭിക്കുന്ന മിൽമയുടെ ഉൾപ്പെടെ പാക്കറ്റ് പാലിന്‍റെ വില ലിറ്ററിന് 50 രൂപയാണെന്നും ഈ വിലയോട് ഏകീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും വിലവർധനവിലൂടെ ക്ഷീരകർഷകർക്ക് ലിറ്ററിന് 40 പൈസയുടെ ഇൻസെറ്റീവ് വീതം നൽകാനാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കർഷകരിൽനിന്ന് ശേഖരിക്കുന്ന പാൽ ക്ഷീരസംഘങ്ങൾ വഴിയും പാൽശേഖരിക്കുന്ന ജീവനക്കാരിൽനിന്നും നേരിട്ടുവാങ്ങുന്ന പാലിന്‍റെ വിലയാണ് മിൽമയുടേതിന് തുല്യമായി 50രൂപയായി വർധിപ്പിച്ചിട്ടുള്ളത്.

ഈ വർധനവ് കൊണ്ടുമാത്രം ക്ഷീരമേഖലയിലെ നഷ്ടം നികത്താനാകില്ലെന്നും ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും നിലനിൽപ്പിന് പാൽ വിലവർധിപ്പിക്കാൻ മിൽമയും സർക്കാരും തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.

നിലവിൽ ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ 50 രൂപ ചെലവ് വരുമെന്നിരിക്കെ ജില്ലയിലെ ക്ഷീര കർഷകർക്ക് ശരാശരി ലഭിക്കുന്ന വില 37 രൂപയിൽ താഴെ മാത്രമാണ്. വയനാട്ടിൽ ഒരു ദിവസം 2,65,000 ലിറ്റർ പാൽ 56 ക്ഷീര സംഘങ്ങളിൽ സംഭരിക്കുന്നുണ്ട്. അതിൽ 2,05000 ലിറ്റർ പാൽ മിൽമക്ക് നൽകുന്നു. 30,000 ലിറ്റർ പാൽ പ്രാദേശിക വിൽപന നടത്തുന്നു. 30,000 ലിറ്റർ പാക്കറ്റ് പാലും ഉല്പന്നങ്ങളുമായി വിൽപന നടത്തുന്നു. മിൽമയിൽ നിന്ന് സംഘാംഗങ്ങൾക്ക് ലഭിക്കുന്ന ശരാശരി വില 39 രൂപയിൽ താഴെയാണ്. പാലിന് ഒഴികെ എല്ലാത്തിനും വില വർധിക്കുകയും ക്ഷീര കർഷകരും സംഘങ്ങളും പ്രതിസന്ധിയിലാകുകയും ചെയ്ത ഈ സാഹചര്യത്തിൽ ക്ഷീരകർഷകർക്ക് ചെറിയ ഒരു ഇൻസെന്റീവെങ്കിലും നൽകുന്നതിനണ്ടി പ്രാദേശികവിൽപന വില 50 രൂപയായി വർധിപ്പിക്കാൻ സംഘങ്ങൾ നിർബന്ധിതമായിരിക്കകയാണന്നും ജനങ്ങൾ സഹകരിക്കണമെന്നും ഇവർ പറഞ്ഞു. പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് ബി.പി. ബെന്നി, ജനറൽ സെക്രട്ടറി പി.എ.ജോസ്, എം.സി. ജോണി, പി.വി. ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

"പാലിന്‍റെ സംഭരണ വില വർധിപ്പിക്കണം'

ക്ഷീര സംഘങ്ങളിൽനിന്നും സംഭരിക്കുന്ന പാലിന്‍റെ വില വളരെ കുറവാണെന്നും ഇത് 50 രൂപയായി വർധിപ്പിച്ചാലേ കർഷകർക്ക് ലാഭമുണ്ടാകൂവെന്നും ഇതിന് അടിയന്തര നടപടിയുണ്ടാകണമെന്നും പ്രൈമറി മിൽക് സൊസൈറ്റീസ് ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു.

പാലിന് സർക്കാർ ഇൻസെന്റീവ് വർഷം മുഴുവനും അഞ്ചു രൂപ വീതം അനുവദിക്കുക, ഇപ്പോൾ അനുവദിച്ച 28 കോടി രൂപ ലിറ്ററിന് നാലു രൂപ വീതം നൽകിയാൽ ഒരു മാസം നൽകാനുള്ള തുക മാത്രമാണ് ഉണ്ടാകുക. അതിനാൽ ഇൻസെന്റീവ് നൽകുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുക, പാലും പാൽ ഉൽപന്നങ്ങളും ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കുക, കർഷകരുടെ എല്ലാ പശുക്കളെയും 50ശതമാനം സബ് സിഡിയോടെ ഇൻഷുർ ചെയ്യുന്നതിനുള്ള പദ്ധതി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുക, കാലിത്തീറ്റക്ക് വർഷം മുഴുവൻ സബ് സിഡി അനുവദിക്കുക, ഇതര സംസ്ഥാനത്തുനിന്നുള്ള കൃത്രിമ പാലിന്‍റെയും പാൽ ഉൽപന്നങ്ങളുടെയും വിൽപന തടയുക, ഇതിന് ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന് അധികാരം നൽകുക, എം.എസ്.ഡി.പി പദ്ധതി ആനുകൂല്യങ്ങൾ കൂടുതൽ കർഷകർക്ക് ലഭ്യമാക്കുക, സഹകരണ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നുള്ള ആനുകൂല്യം ക്ഷീരസംഘ ങ്ങളിലെ മെമ്പർമാർക്കും അനുവദിക്കുക, ക്ഷീരസംഘങ്ങൾക്ക് മിൽമ നൽകുന്ന മാർജിൻ അഞ്ചുശതമാനത്തിൽ താഴെ മാത്രമാണ്. ഇത് പത്തുശതമാനമായി വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. 

Tags:    
News Summary - Dairy Crisis; 50 per liter of milk sold locally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.