കൊച്ചി: ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് സംസ്ഥാന സർക്കാറിനോടും കെ.എസ്.ഇ.ബിയോടും ഹൈകോടതി വിശദീകരണം തേടി. രണ്ടുവർഷം തുടർച്ചയായി പ്രളയമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ഉയർന്ന ജലനിരപ്പുമൂലമുള്ള ആശങ്ക ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന ജൂൺ അഞ്ചിനകം വിശദീകരണം നൽകാനാണ് നിർദേശം.
മൺസൂണിന് മുമ്പുതന്നെ ഇടുക്കി ഡാമിലുൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മേയ് 14ന് ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. മൺസൂണിനുമുമ്പ് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വിഷയം ഗൗരവത്തോടെ കാണണമെന്നാണ് ആവശ്യം. എന്നാൽ, ഡാമുകളിലെ ജലനിരപ്പിെൻറ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചു. നിയമ സെക്രട്ടറി, ഊർജ സെക്രട്ടറി, ചീഫ് എൻജിനീയർമാർ തുടങ്ങിയവരുൾപ്പെട്ട ഉന്നതതല സമിതി മേയ് 12ന് യോഗം ചേർന്ന് വിഷയം പരിശോധിച്ചിരുന്നു.
അടിയന്തര കർമപദ്ധതി ഉൾപ്പെടെ നടപ്പാക്കാൻ നടപടി എടുത്തിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് പ്രളയത്തിന് കാരണമായെന്ന് കരുതുന്നതായി കത്തിൽ പറയുന്നുണ്ട്. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും ഇതുവരെ തീർപ്പുകൽപിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി രേഖാമൂലം വിശദീകരണം നൽകാനാണ് കോടതിയുടെ നിർദേശം. ദുരന്തനിവാരണ അതോറിറ്റി, ഉൗർജ, ജലവിഭവ സെക്രട്ടറിമാരെ കേസിൽ കക്ഷി ചേർക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.