തിരുവനന്തപുരം: കോൺഗ്രസിൽ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻറുമാരുടെയും നിയമനത്തിന് കരട് മാനദണ്ഡം തയാറായി. മുൻനിര നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം ആവശ്യമെങ്കിൽ വേണ്ട ഭേദഗതികളോടെ രണ്ടു ദിവസത്തിനകം മാനദണ്ഡം അന്തിമമാക്കും. അതിനുശേഷം ഡി.സി.സി ചുമതലയുള്ള കെ.പി.സി.സി ജനറൽ െസക്രട്ടറിമാർ ജില്ലകളിലെത്തി മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് ഒരാഴ്ചക്കകം ഭാരവാഹിപട്ടിക തയാറാക്കി കെ.പി.സി.സിക്ക് കൈമാറും.
അർധസർക്കാർ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലിയുള്ളവരെ ഭാരവാഹിത്വത്തിലേക്കും ബ്ലോക്ക് അധ്യക്ഷപദത്തിലേക്കും പരിഗണിക്കേണ്ടെന്നാണ് നിർദേശം. മറിച്ചായാൽ ദൈനംദിന പ്രവർത്തനം കാര്യക്ഷമമായി നടക്കിെല്ലന്നാണ് പൊതു വിലയിരുത്തൽ. ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹികളായിരുന്നവർക്ക് പുനർനിയമനം നൽകില്ല. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ഉപാധ്യക്ഷന്മാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ജില്ല പഞ്ചായത്തംഗങ്ങൾ എന്നിവരെയും ഭാരവാഹികളാക്കില്ല.
എന്നാൽ, സഹകരണസംഘം ഭാരവാഹികളെ ഒഴിവാക്കണമെന്ന് നിർദേശമില്ല. പുതിയ ഡി.സി.സി ഭാരവാഹികളിൽ പകുതി പേരെങ്കിലും പുതുമുഖങ്ങളായിരിക്കണം. ഭാരവാഹികളിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുപേർ വനിതകളും ഒരാൾ പട്ടിക വിഭാഗക്കാരനും ആയിരിക്കണം. കഴിവും ജനകീയാംഗീകാരവും മുഖ്യമാനദണ്ഡമാകും. ദുഷ്പ്പേരുള്ളവരെയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നവരെയും ഒരു സ്ഥാനത്തേക്കും പരിഗണിക്കില്ല. ഒരാൾക്ക് ഒരു പദവി തത്ത്വം കർശനമായി നടപ്പാക്കണം. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരും ഡി.സി.സി പ്രസിഡൻറുമാരും പങ്കെടുത്ത കഴിഞ്ഞയാഴ്ചത്തെ യോഗത്തിൽ മാനദണ്ഡത്തിൽ വ്യത്യസ്താഭിപ്രായം ഉയർന്നതിനെതുടർന്ന് കരട് തയാറാക്കാൻ കെ.പി.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തിയിരുന്നു.
കരട് മാനദണ്ഡത്തിെൻറ പകർപ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്കും നൽകിയിട്ടുണ്ട്. വയനാട്, കാസർകോട്, ഇടുക്കി, പത്തനംതിട്ട എന്നീ താരതമ്യേന ചെറിയ ജില്ലകളിൽ പ്രസിഡൻറിന് പുറമെ 15 പേരെയും മറ്റിടങ്ങളിൽ 26 പേരെയും ഭാരവാഹികളാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.