പാലക്കാട്: പ്രതിരോധ കുത്തിവെപ്പിലൂടെ സംസ്ഥാനത്ത്നിന്ന് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന മാരക രോഗമായ ഡിഫ്തീരിയ തിരിച്ചുവരുന്നതിെൻറ സൂചനകൾ സജീവമെന്ന് ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ വർഷം മലപ്പുറത്ത് പൊട്ടിപ്പുറപ്പെട്ട രോഗം ഈ വർഷം എറണാകുളം ജില്ലയിലേക്ക് പടർന്നു. എറണാകുളം ജില്ലയിൽ ഇതുവരെ രണ്ടുകുട്ടികൾ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. അസം ബാലൻ മരിച്ചത് ഡിഫ്തീരിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരിച്ച മറ്റൊരു കുട്ടിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. ഈ കുട്ടിയുടെ നാല് സഹോദരങ്ങൾക്ക് ഡിഫ്തീരിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്ത് മൊത്തം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 പേർക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു.
കഴിഞ്ഞ വർഷം മലപ്പുറത്ത് രണ്ട് പേർ മരിച്ചു. 2000 മുതൽ ഡിഫ്തീരിയ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായിട്ടുണ്ട്. മുൻ വർഷം കോഴിക്കോട്, പാലക്കാട് ജില്ലകളിലും രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയില്ലെങ്കിൽ മറ്റുജില്ലകളിലും വരും വർഷങ്ങളിൽ രോഗം ബാധിച്ചേക്കാമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. പി.എസ്. ജിനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ രണ്ട് കുട്ടികൾക്ക് വില്ലൻ ചുമ പിടിപെട്ടതായി സൂചനയുണ്ടെങ്കിലും ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടില്ല.
പ്രതിരോധ വാക്സിനേഷനിലൂടെ നിർമാർജനം ചെയ്ത ഇത്തരം മാരക പകർച്ച വ്യാധികൾ വർധിക്കുന്നത് അധികൃതർ ഗൗരവത്തോടെ സമീപിച്ചില്ലെങ്കിൽ സ്ഥിതി വഷളാകും. ഡിഫ്തീരിയ ബാധിച്ചവർക്കുള്ള ആൻറി ടോക്സിൻ ലഭ്യതക്കുറവും ഡോക്ടർമാരെ വലക്കുന്നു. കൊച്ചിയിലെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ഡിഫ്തീരിയ ബാധിച്ച രോഗിക്ക് തൃശൂർ മെഡിക്കൽ കോളജിൽനിന്നാണ് മരുന്ന് എത്തിച്ച് നൽകിയത്.
കുട്ടികൾക്ക് പ്രതിരോധ വാക്സിനേഷൻ നൽകാത്തതാണ് രോഗം ബാധിക്കാൻ പ്രധാന കാരണമെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ വർഷം മലപ്പുറത്ത് രോഗം കണ്ടെത്തിയതിനാൽ പ്രതിരോധ കുത്തിവെപ്പ് ഊർജിതമാക്കിയതിനെ തുടർന്ന് 91 ശതമാനം കുട്ടികൾക്ക് കുത്തിവെപ്പെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.