കൽപറ്റ: വയനാടന്‍ ജനതയെ വന്യമൃഗങ്ങളിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമര സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റസാഖ്കല്പറ്റ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് കെ.കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. നാസര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, നിയോജകമണ്ഡലം ലീഗ് സെക്രട്ടറി അലവി വടക്കേതില്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സരോജിനി ഓടമ്പം, എ.പി. ഹമീദ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.പി. മുസ്തഫ, അഡ്വ. ടി.മൂസ എന്നിവര്‍ സംസാരിച്ചു
കൽപറ്റ: കാടും നാടും വേർതിരിച്ച് വന്യമൃഗ ശല്യം തടയുന്നതിൽ വനം വകുപ്പും സർക്കാറും കാണിച്ച കടുത്ത അവഗണനയുടെയും അനാസ്ഥയുടയും ദുരന്തഫലമാണ് ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ ജീവഹാനിയെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് കുറ്റപ്പെടുത്തി. പ്രശ്നത്തിന്റെ ഗൗരവം സർക്കാർ ഉൾക്കൊള്ളണം. പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന നയം സർക്കാർ മാറ്റണം. വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിലും ജനവികാരം മാനിക്കുന്നതിലും വനം മന്ത്രിയും വകുപ്പും കനത്ത പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുൽത്താൻ ബത്തേരി: വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവൻ പൊലിയുന്ന സ്ഥിതി ജില്ലയിൽ ആവർത്തിക്കുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. അജീഷിന്റെ ജീവനെടുത്ത മോഴയാനയെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ കൃത്യമായ വിവരം വനംവകുപ്പിന് ഉണ്ടായിരുന്നു. എന്നാൽ, ജനവാസ മേഖലയിൽ ആന ഇറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജനങ്ങൾക്ക് യാതൊരു ജാഗ്രതാ മുന്നറിയിപ്പും നൽകാൻ വനം വകുപ്പ് തയ്യാറായില്ലെന്ന് യോഗം ആരോപിച്ചു.
കൽപറ്റ: അജീഷിന്റെ ദാരുണ മരണം തങ്ങളുടെ വീഴ്ചയാണെന്ന് സമ്മതിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന വനംവകുപ്പിന്റെ നിലപാട് അപലപനീയമാണെന്ന് എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിസ്സംഗതയോടെ വിഷയത്തെ നേരിട്ടതാണ് ദുരന്തത്തിന് കാരണമായത്. കാര്യക്ഷമമായ രീതിയിൽ പരിഹാരം കാണാനോ നടപടികൾ എടുക്കാനോ കഴിയാത്തതിൽ വനം മന്ത്രി അടക്കം കുറ്റക്കാരാണ്. മന്ത്രി രാജിവെക്കുകയാണ് വേണ്ടതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി കെ.പി. തിനപുരം, ജനറൽ സെക്രട്ടറി സി. ഹാരിസ് റഹ്മാൻ എന്നിവർ സംസാരിച്ചു.
കൽപറ്റ: കൊലയാളി മൃഗങ്ങളുടെ സാന്നിധ്യം അറിഞ്ഞിട്ടും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ തുരത്താനോ മുതിരാതിരുന്ന അധികൃതരുടെ നടപടി അപലപനീയവും കൊലക്കുറ്റത്തിന് സമാനവുമാണെന്നും കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു. വനം മന്ത്രിക്കും വകുപ്പ് മേധാവികൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. കുറ്റക്കാരെ വിചാരണ ചെയ്യണം. ജില്ലാ ചെയർമാൻ ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രമേശൻ മാണിക്കൻ, വിലാസിനി കെ.ജി. സിബിച്ചൻ കരിക്കേടം, ജോൺസൻ തൊഴുത്തിങ്കൽ, സി.എ. ഗോപി, മുസ്തഫ എള്ളിൽ, വി.ഡി. രാജു, വി.എസ്. ബെന്നി , ഗിരിജ സതീഷ്, അഡ്വ. അബ്ദുൾ സത്താർ മായൻ, വി.വി. നാരായണ വാര്യർ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
കൽപറ്റ: വന്യജീവികളിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കർഷക സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ പിന്തുണക്കാൻ വെൽെഫയർ പാർട്ടി ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. വനാതിർത്തിയിൽ ഫലപ്രദമായ വന്യജീവി പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയാറാവണം. റേഡിയോ കോളർ ഘടിപ്പിച്ച് വനം വകുപ്പിെന്റ നിരീക്ഷണത്തിൽ വിട്ട അക്രമണകാരിയായ കാട്ടുകൊമ്പൻ നാട്ടിലിറങ്ങി ഒരാളെ വകവരുത്തിയ സംഭവത്തിൽ വനം വകുപ്പ് മറുപടി പറയണം. വനാതിർത്തിയിൽ അഞ്ചടി ഉയരത്തിൽ കൽമതിലും അതിനു മീതെ അഞ്ചടി ഉയരത്തിൽ ഇരുമ്പു നെറ്റും സ്ഥാപിക്കാമെന്ന വാഗ്ദാനം നിറവേറ്റാൻ സർക്കാർ തയാറാവണം. പ്രസിഡന്റ് വി. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എച്ച്. ഫൈസൽ, ബിനു വയനാട്, ഷമീമ മാനന്തവാടി, സെയ്ത് കുടുവ, തനിമ അബ്ദുറഹ്മാൻ, കെ.എം. സാദിഖലി, സംഘടന സെക്രട്ടറി പി.എ. ഇബ്രാഹിം, ട്രഷറർ സക്കീർ ഹുസ്സയിൽ എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: വന്യമൃഗ ആക്രമണത്താൽ മനുഷ്യർ നിരന്തരം കൊല്ലപ്പെടുന്നത് സർക്കാറിന്റെ കുറ്റകരമായ അനാസ്ഥയും അവഗണനയും മൂലമാണെന്ന് ജില്ലാ കർഷക പ്രതിരോധ സമിതി ഭാരവാഹികളുടെ അടിയന്തരയോഗം ചൂണ്ടിക്കാട്ടി. ജനവാസമേഖലയിൽ ആന ഇറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രദേശത്തെ ജനങ്ങൾക്ക് യാതൊരു ജാഗ്രതാ മുന്നറിയിപ്പും വനം വകുപ്പ് നൽകിയില്ല. വനം വകുപ്പ് ഫലപ്രദമായി പ്രവർത്തിച്ചിരുന്നെങ്കിൽ പടമല സ്വദേശി അജീഷിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ല.
വന്യമൃഗ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാറിനെ നിർബന്ധിതമാക്കുന്ന, കക്ഷിരാഷ്ട്രീയത്തിനതീതമായ ചിട്ടയായ ജനകീയ സമരം ഉണ്ടാകണം. പ്രസിഡന്റ് ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൾ റഹ്മാൻ കാതിരി, ഡോ. വി. സത്യാനന്ദൻ നായർ, പ്രേംരാജ് ചെറുകര, വി.കെ. ഹംസ മാസ്റ്റർ, ടോമി വടക്കുംചേരി, മാത്യു കെ.ജെ. കണ്ണന്താനം, അഡ്വ. റ്റി.ജെ. ഡിക്സൺ, വി.കെ. സദാനന്ദൻ, ദേവസ്യ പുറ്റനാൽ, പി.കെ. ഭഗത്, രമേശൻ മൂലങ്കാവ് എന്നിവർ സംസാരിച്ചു.
കൽപറ്റ: വയനാട്ടിൽ ഇപ്പോൾ സംജാതമായ ഗുരുതരാവസ്ഥ യാദൃശ്ചികമല്ലെന്നും കേരളം മാറി മാറി ഭരിച്ച സർക്കാറുകളും നേതൃത്വം നൽകിയ പാർട്ടികളും എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളുമാണ് ഉത്തരവാദികളെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ സൗജന്യ ഭൂമിയും വെള്ളവും വൈദ്യുതിയും നൽകി കേരളത്തിലേക്ക് ആനയിച്ച മാവൂർ ഗ്വാളിയോർ റേയാൺസിനു വേണ്ടി വയനാടൻ മുളങ്കാളുകൾ വെട്ടുകയും, അസംസ്കത പദാർഥങ്ങൾ നൽകാനുള്ള കരാർ പാലിക്കാൻ വേണ്ടി സ്വഭാവികവനം വെട്ടി യൂക്കാലിപ്പ്റ്റസ് നടുകയും ചെയ്തതോടെയാണ് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങാൻ തുടങ്ങിയത്. 1979 ൽ കർഷക സമരം സംഘടിപ്പിച്ചതിനെ തുടർന്നാണ് വനനശീകരണം സർക്കാർ നിർത്തിവെച്ചത്.
വനത്തിനുള്ളിലും വനയോരങ്ങളിലും ആനത്താരകളിൽ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടുകളും വനം വകുപ്പിന്റെ ഇക്കോ ടൂറിസവും കന്നുകാലിമേയ്ക്കലും അധിനിവേശ സസ്യങ്ങളും കാട്ടുതീയും വന്യ ജീവി ആവാസവ്യവസ്ഥകൾ നശിപ്പിച്ചതിന്റെ പരിണിത ഫലമാണ് നിലവിൽ അനുഭവിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനങ്ങളിലെ പ്രശ്നങ്ങൾ ഏകോപ്പിക്കുന്നതിനായി നിലവിൽ സംവിധാനമില്ല. ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ സ്റ്റാറ്റ്യൂട്ടറിബോഡി ഉടൻ രൂപവത്കരിക്കണം. നഷ്ടപരിഹാരത്തുക അഞ്ചിരട്ടിയെങ്കിലുമായി വർധിപ്പിക്കാൻ സർക്കാർ തയാറകണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണൻ, ബാബു മൈലമ്പാടി, പി .എം.സുരേഷ്, എൻ.ബാദുഷ, സി.ഐ.ഗോപാലകൃഷ്ണൻ, എ.വി.മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.