തിരുവനന്തപുരം: കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ പാലാരിവട്ടം ബൈപാസിൽ അപകടത്തില്‍ മരിച്ച മോഡലുകളുടെ ബന്ധു. പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുള്ളതായി സംശയമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും മോഡൽ അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കും.
മോഡലുകള്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാകാം ഉപകരണങ്ങൾ റോയി നശിപ്പിച്ചത്. പെണ്‍കുട്ടികള്‍ക്ക് മദ്യമോ മറ്റോ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം. അതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാകാം അപകടമുണ്ടായത്. -നസീമുദ്ദീന് പറഞ്ഞു.
അതേസമയം, മോഡലുകളുടെ അപകടമരണത്തില്‍ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. കേസില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചന് എന്നിവരുള്‍പ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. നവംബര്‍ ഒന്നിലെ കാറപകടത്തിൽ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അഞ്ജന ഷാജന് (24), കെ.എ. മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെതിരായ പോക്സോ കേസിലെ കൂട്ടുപ്രതി അഞ്ജലി റീമ ദേവിന്റെ വലയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. റോയ് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് കൊച്ചിയിലെത്തിച്ചതെന്ന് ഇരയുടെ പരാതിയിലുണ്ടായിരുന്നു. നമ്പര്‍ 18 ഹോട്ടലില്‍ കൊണ്ടുവന്നതും അഞ്ജലിയാണ്. ഹോട്ടലില്‍ വെച്ച് റോയി ലൈംഗികമായി പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സൈജു തങ്കച്ചനും അഞ്ജലിയും കൂടി ഫോണില്‍ പകര്‍ത്തി.
പൊലീസില്‍ പരാതി നല്കിയാല് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. നേരത്തേ, തനിക്ക് കേസില്‍ പങ്കില്ലെന്നും തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് കേസെന്നും അഞ്ജലി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ, അഞ്ജലിയുടെ പങ്ക് സംബന്ധിച്ച് തെളിവുണ്ടെന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.
കൊച്ചി: റോയി വയലാറ്റിനെതിരായ പോക്സോ കേസ് പരാതി പിൻവലിക്കാൻ അരക്കോടി രൂപ വാഗ്ദാനം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി. എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് വാഗ്ദാനവുമായി എത്തിയത്. പണം വാഗ്ദാനം ചെയ്തതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പക്കലുണ്ട്. ഇവ പുറത്തുവിടാൻ തയാറാണ്. തനിക്ക് പ്രതികളുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.